കുമളി: ഒരുവർഷം നീണ്ട ഇടവേളക്കു ശേഷം വിപുലപ്പെടുത്തിയ മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദർശിച്ചു. പ്രധാന അണക്കെട്ട്, ഇതിലെ രണ്ട് ഗാലറികൾ, ബേബി ഡാം, സ്പിൽവേ ഷട്ടറുകൾ എന്നിവയെല്ലാം സമിതി പരിശോധിച്ചു.
തേക്കടിയിൽനിന്ന് രാവിലെ 11.30ഓടെയാണ് അഞ്ചംഗ സമിതി അണക്കെട്ടിലേക്ക് പോയത്. രണ്ടുമണിക്കൂർ നീണ്ട വിലയിരുത്തലുകൾക്കു ശേഷം അംഗങ്ങൾ അണക്കെട്ടിൽനിന്ന് മടങ്ങി. തേക്കടിയിൽ തിരിച്ചെത്തിയ സംഘം യോഗം ചേരാതെയും സന്ദർശന വിവവങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവെക്കാതെയും മടങ്ങുകയായിരുന്നു.അണക്കെട്ടിലെത്തിയ സമിതി അംഗങ്ങൾ ഭൂകമ്പമാപിനി, കാറ്റ്, മഴ എന്നിവ രേഖപ്പെടുത്തുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിച്ചു. 129.50 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്, അണക്കെട്ടിന്റെ ഗാലറിയിലൂടെ മിനിറ്റിൽ 66 ലിറ്റർ സീപ്പേജ് ജലമാണ് പുറത്തേക്ക് ഒഴുകുന്നതെന്ന് സമിതി വിലയിരുത്തി.
ജലനിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേക്ക് ജലം ഒഴുക്കുന്ന സ്പിൽവേ ഷട്ടറുകളുടെ ശേഷിയും സംഘം പരിശോധിച്ചു. ചെയർമാൻ കേന്ദ്ര ജല കമീഷനംഗം ഗുൽഷൻ രാജിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ പ്രതിനിധികളായ ജലവിഭവ വകുപ്പ് സെക്രട്ടറി ടി.കെ. ജോസ്, ചീഫ് എൻജിനീയർ അലക്സ് വർഗീസ്, തമിഴ്നാട് പ്രതിനിധികളായ പൊതുമരാമത്ത് സെക്രട്ടറി സന്ദീപ് സക്സേന, കാവേരി സെൽ ചെയർമാൻ സുബ്രഹ്മണ്യം എന്നിവരാണ് അണക്കെട്ട് സന്ദർശിച്ചത്.
അണക്കെട്ട് സന്ദർശനവേളയിൽ ബേബി ഡാമിനു സമീപത്തെ മരങ്ങൾ മുറിക്കുന്ന കാര്യം തമിഴ്നാട് അധികൃതർ ചെയർമാന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയാറായല്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.