മുല്ലപ്പെരിയാർ ഷട്ടറുകള്‍ രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും തുറന്നു; വീടുകളിൽ വെള്ളം കയറി, പ്രതിഷേധം

തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകള്‍ തമിഴ്നാട് വീണ്ടും മുന്നറിയിപ്പില്ലാതെ രാത്രി തുറന്നു. പുലർച്ചെ രണ്ടരയ്ക്കും മൂന്നരക്കുമായാണ് എട്ട് ഷട്ടറുകൾ തുറന്നത്. അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്‍റീമീറ്ററും ബാക്കിയുള്ളവ 30 സെന്‍റീമീറ്ററുമാണ് ഉയര്‍ത്തിയത്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളിൽ വീടുകളിൽ വെള്ളം കയറി.

രാത്രി ഷട്ടറുകൾ തുറക്കരുതെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാതെയാണ് തമിഴ്നാടിന്‍റെ പ്രവൃത്തി. ജലനിരപ്പ് 142 അടിയില്‍ എത്തിയതോടെയാണ് ഷട്ടറുകൾ രാത്രിയിൽ മുന്നറിയിപ്പില്ലാതെ വീണ്ടും തുറന്നത്.

കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന പരാതിയുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. വള്ളക്കടവിലാണ് പ്രതിഷേധം. മുന്നറിയിപ്പില്ലാതെ രാത്രി ഷട്ടർ തുറക്കരുതെന്ന് ചൊവ്വാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും രാത്രി ഷട്ടറുകള്‍ തുറക്കുകയായിരുന്നു.

മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് 142 അടിയിലെത്തിയപ്പോള്‍ തമിഴ്നാട്ടില്‍ ആഘോഷമാണ്. കുമളിക്ക് സമീപം തേനി ജില്ലയിലെ ലോവർ ക്യാമ്പിലാണ് ആഘോഷം നടന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശില്‍പ്പിയായ പെന്നിക്വിക്കിന്‍റെ സ്മാരകത്തില്‍ ഡി.എം.കെ വക ഹാരാർപ്പണവും മുദ്രാവാക്യം വിളിയുമുണ്ടായി. തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി മണ്ഡലം എം.എല്‍.എമാരായ രാമകൃഷണന്‍, മഹാരാജന്‍ എന്നിവരാണ് ആഘോഷത്തിന് നേതൃത്വം നല്‍കിയത്. ജലനിരപ്പ് 152 അടിയാക്കുമെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. 2014നും 2015നും 2018നും ശേഷം ജലനിരപ്പ് 142 അടിയിലെത്തിയത് ഇക്കൊല്ലമാണ്. അതാണ് ആഘോഷത്തിന് കാരണം.

Tags:    
News Summary - Mullaperiyar shutters reopened at night without warning; Homes flooded, protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.