കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം അടിച്ചു കൊന്ന സംഭവത്തിൽ ഹൈകോടതി സ്വമേധയ കേസെടുക്കും. ‘കെൽസ’ ചുമതലയുള്ള ഹൈകോടതി ജഡ്ജി ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് ഹരജിയായി പരിഗണിച്ചാണ് കേസെടുക്കുന്നത്. കത്ത് പരിഗണിച്ച ചീഫ് ജസ്റ്റിസ് വിഷയം പൊതുതാൽപര്യ ഹരജിയായി കോടതി മുമ്പാകെ എത്തിക്കാൻ നിർദേശിച്ചിരിക്കുകയാണ്.
സംഭവം സമൂഹത്തിലെ മൂല്യച്യുതിക്ക് ഉദാഹരണമാണെന്ന് കത്തിൽ പറയുന്നു. കോടതി ഇടപെട്ട് തിരുത്തൽ നടപടികൾ നിർദേശിക്കേണ്ടത് അനിവാര്യമാണ്. ഭക്ഷിക്കാൻ ഒന്നുമില്ലാത്തത് കൊണ്ട് മധു ഭക്ഷണ പദാർഥങ്ങൾ മോഷ്ടിച്ചത് സത്യമെങ്കിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഫലം കാണുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ആദിവാസി ക്ഷേമത്തിന് നടപ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് അവരിലെത്തുന്ന വിധം ഉടച്ചു വാർക്കണം.
മുമ്പ് ജോലി നോക്കിയിരുന്ന മധുവിന് കൂടെയുള്ളവരെ ഭയന്ന് ജോലി ഉപേക്ഷിച്ച് തിരിച്ചുപോരേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് മധുവെങ്കിൽ കുറ്റകൃത്യത്തിെൻറ ഗൗരവം വളരെ വലുതാണ്. ആൾക്കൂട്ടം നിയമം കൈയിലെടുത്ത സംഭവം ഗൗരവത്തോടെ കാണേണ്ടതുണ്ട്. നിയമപാലകരുടെ ഭാഗത്തും വീഴ്ചയുണ്ട്. ഫലപ്രദമായ അന്വേഷണവും പ്രോസിക്യൂഷനും ഈ കേസിൽ അനിവാര്യമാണെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.