പ്രതികളായ ഷിബിലി, ഫർഹാന, കൊല്ലപ്പെട്ട സിദ്ദിഖ് 

ഹോട്ടലുടമയുടെ ​​​കൊലപാതകം; പ്രതികളെ ചെന്നെയിൽ നിന്ന് തിരൂരിലെത്തിച്ചു, ഇന്ന് വിശദമായി ചോദ്യം ചെയ്യും

കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു. ചെന്നൈയിൽ നിന്ന് പിടിയിലായ പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ഡി.വൈ.എസ്.പി ഓഫീസിൽ എത്തിച്ചത്. രാവിലെ എസ്.പി നേതൃത്വത്തിൽവിശദമായി ഇവരെ ചോദ്യം ചെയ്യും. ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കിയേക്കും.

കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളുൾ​പ്പെടെ വിശദമായി ലഭിക്കേണ്ടതുണ്ട്. ഇതിൽ, മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതുൾപ്പെടെ വ്യക്തമാകേണ്ടതുണ്ട്. ഇതിനിടെ, കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹം തിരൂർ കോരങ്ങാട് ജുമാ മസ്ജിദിൽ ഇന്നലെ അർധരാത്രിയോടെ ഖബറടക്കി.

കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ പാതയോരത്തുള്ള ഹോട്ടലിലാണ് കൊലപാതകം നടന്നത്. 58 കാരനായ ഹോട്ടൽ ഉടമയെ 22 കാരനായ യുവാവും 19 കാരിയായ യുവതിയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി വനമേഖലയിൽ ഉപേക്ഷിക്കുകയും ചെയ്തു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ പ്രതികൾ കേരളം കടക്കാൻ ശ്രമിച്ചെങ്കിലും പിടിയിലായി.

തിരൂർ സ്വദേശിയും കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ വ്യാപാരിയുമായ സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി അഞ്ചാം നാളാണ് അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിന് സമീപം രണ്ട് പെട്ടികളിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇപ്പോഴും അവ്യക്തമാണ്. കൊലപാതകത്തിന്റെ ആസൂത്രണം, കൊല നടപ്പാക്കിയ രീതി കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്താനും നിർണായക തെളിവുകൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. മലപ്പുറം തിരൂർ സ്വദേശിയായ സിദ്ദിഖിനെ ഇക്കഴിഞ്ഞ 18നാണ് കാണാതായത്. അന്നുതന്നെ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫായി. തുടർന്ന് 22 ന് മകൻ പൊലീസിൽ പരാതി നൽകി. പിന്നീടുളള അന്വേഷണത്തിലാണ് സിദ്ദീഖിന്‍റെ ഹോട്ടലിൽ ജീവനക്കാരനായിരുന്ന ഷിബിലിയെയും കാണാതായ കാര്യം പൊലിസ് അറിഞ്ഞത്.

പെരുമാറ്റ ദൂഷ്യത്തെ തുടർന്ന് ഇയാളെ സിദ്ദിഖ് പറഞ്ഞ വിടുകയായിരുന്നുവെന്നും വ്യക്തമായി. ഇതിനു പിന്നാലെ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖ് മുറിയെടുത്ത വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു. സിദ്ദീഖിനെ കാണാതായ അന്ന് മുതല്‍ സിദ്ദീഖിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കുന്ന കാര്യം കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചിരുന്നു. പിന്നീട് ഷിബിലിയെ കേന്ദ്രീകരിച്ചായി അന്വേഷണം. ഷിബിലിക്കൊപ്പം ഫര്‍ഹാനയെന്ന 18കാരി കൂടി ഉണ്ടെന്നും പൊലീസ് തിരിച്ചറിഞ്ഞു. ഇവരിലേക്ക് അന്വേഷണം എത്തുന്ന ഘട്ടത്തിലാണ് ഇരുവരും സിദ്ദീഖിന്‍റെ കാര്‍ ഉപേക്ഷിച്ച് കേരളം വിട്ടത്.

ഇരുവരും ചൈന്നൈയിലേക്ക് കടന്ന കാര്യം തിരൂര്‍ പൊലീസ് റെയില്‍വേ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രധാന പ്രതികളായ ഷിബിലിയും ഫർഹാനിയും ചെന്നൈ റെയിൽവേ പൊലീസിന്റെ പിടിയിലായത് . തുടർന്ന് ഇരുവരും നടത്തിയ വെളിപ്പെടുത്തലിലാണ് സിദ്ദിഖിനെ കൊലപ്പെടുത്തി അട്ടപ്പാടി വനമേഖലയിൽ ഉപേക്ഷിച്ചു വന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചത്.

Tags:    
News Summary - Murder of Hotel Owner; The accused will be questioned in detail today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.