ചെന്നൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ ആശുപത്രിയിൽ കഴിയുന്ന എസ്.പി ബാലസുബ്രമണ്യത്തിന് വേണ്ടി പ്രാർഥനകളോടെ സംഗീതലോകം. സംഗീത സംവിധായകരായ ഇളയരാജയും എ.ആർ റഹ്മാനും ഗായിക കെ.എസ് ചിത്രയും എസ്.പി.ബി എത്രയും വേഗം രോഗമുക്തനായി തിരിച്ചുവരണമെന്ന് പ്രാർഥിച്ച് പോസ്റ്റുകളിട്ടു.
സംഗീതകുലപതി ഇളയരാജ കണ്ഠമിടറിക്കൊണ്ടാണ് ഫേസ്ബുക്കിൽ ബാലുവിനോടുള്ള സ്നേഹം പങ്കുവെക്കുന്നത്. 'നിനക്കുവേണ്ടി കാത്തിരിക്കുകയാണ്. വേഗം വാ.. ഈണം സ്വരങ്ങളുമായി ചേർന്ന് നിൽക്കുന്നതുപോലെ നമ്മുടെ സൗഹൃദവും മുറിഞ്ഞുപോകാത്തതാണ്. നമ്മൾ തമ്മിൽ വഴക്കിട്ടപ്പോഴും അല്ലാത്തപ്പോഴും അവിടെ സൗഹൃദമുണ്ട് എന്ന് തുടങ്ങുന്ന കുറിപ്പാണ് ഇളയരജ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
എല്ലാ സംഗീത ആസ്വാദകരോടും എസ്.പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി പ്രാർഥിക്കണമെന്ന് അഭ്യർഥിക്കുന്നു. മാന്ത്രികമായ ശബ്ദത്തിലൂടെ അഭൗമമായ ആനന്ദമാണ് അദ്ദേഹം നമുക്ക് തന്നതെന്നും എ.ആർ റഹ്മാൻ ട്വിറ്ററിൽ കുറിച്ചു.
കരുത്തനും പോസിറ്റീവ് എനർജിയുമുള്ള എസ്.പി.ബി സർ ഈ അവസ്ഥയിൽ നിന്നും തിരിച്ചുവരുമെന്ന് കെ.എസ് ചിത്ര പ്രത്യാശിച്ചു.
ചിത്രയും എസ്.പി.ബിയും ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. ചെന്നൈ എം.ജി.എം കെയർ ആശുപത്രിയിലാണ് എസ്.പി.ബി ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.