തിരുവനന്തപുരം: ജമ്മുവിലെ കഠ്വയിൽ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്നതിനെതിരെ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലുമായി മുസ്ലിം ലീഗിന് ബന്ധമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. ഇന്നത്തെ ഹർത്താലിന് മുസ്ലിം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, എട്ടുവയസുകാരിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കാൻ നിയമ സഹായം ഉൾപ്പടെയുള്ള കാര്യങ്ങളുമായി അവസാനം വരെ മുസ്ലിം ലീഗ് ഒപ്പം ഉണ്ടാകും. ജമ്മുവിന് പുറത്ത് വിചാരണ നടത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിന് സുപ്രീം കോടതിയിൽ പോവുന്നതിനും ആലോചിക്കുന്നുണ്ടെന്നും മജീദ് അറിയിച്ചു.
സാമൂഹിക മാധ്യമങ്ങൾ വഴി ഹർത്താലിനു ആഹ്വാനം ചെയ്തത് സംഘടിതവും സമാധാനപരവും ഒറ്റക്കെട്ടായതുമായ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള നീക്കമാണ്. സമാധാനപരമായ സമരങ്ങളിലൂടെയും നിയമ പോരാട്ടത്തിലൂടെയും കുട്ടിക്ക് നീതി ലഭ്യമാക്കാൻ മുസ്ലിം ലീഗ് മുന്നിൽ ഉണ്ടാകുമെന്നും മജീദ് വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.