മുത്തൂറ്റ് സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സില്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു. മന്ത്രി ടി.പി. രാമകൃഷ്ണന്‍െറ സാന്നിധ്യത്തില്‍ തൊഴിലാളിസംഘടനാപ്രതിനിധികളും മാനേജ്മെന്‍റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുത്തൂറ്റ് ഫിനാന്‍സിന്‍െറ എല്ലാ സ്ഥാപനങ്ങളും തിങ്കളാഴ്ചമുതല്‍ പ്രവര്‍ത്തിക്കുമെന്ന് മാനേജ്മെന്‍റും തൊഴിലാളി യൂനിയനും അറിയിച്ചു.ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച പ്രതികാരനടപടികള്‍ പിന്‍വലിക്കാമെന്ന് മാനേജ്മെന്‍റ് സമ്മതിച്ചതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലംമാറ്റിയ ജീവനക്കാരെ സംസ്ഥാനത്തിനകത്തെ ശാഖകളില്‍ നിയമിക്കാന്‍ മാനേജ്മെന്‍റ് സമ്മതിച്ചു. സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാത്തതിന് ജീവനക്കാര്‍ക്കെതിരെയെടുത്ത നടപടികള്‍ പിന്‍വലിക്കും. 
സസ്പെന്‍ഷനിലായവര്‍ക്ക് സബ്സിസ്റ്റന്‍റ്സ് അലവന്‍സിനുപുറമെ ശമ്പളത്തിന്‍െറ 25 ശതമാനംകൂടി നല്‍കാമെന്നും സമ്മതിച്ചു. ക്രിമിനല്‍ കേസില്‍പെട്ട ജീവനക്കാര്‍ക്കെതിരെയുള്ള സസ്പെന്‍ഷന്‍ പിന്‍വലിക്കും. മൂന്നുദിവസത്തെ പണിമുടക്കിന്‍െറപേരില്‍ പിടിച്ചെടുത്ത ഏഴ് ദിവസത്തെ ശമ്പളം തിരിച്ചുനല്‍കും. വ്യവസ്ഥകള്‍ ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരുത്തണം. ഇതുസംബന്ധിച്ച് ഇരുകക്ഷികളുടെയും അവലോകനയോഗം തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തില്‍ വിളിക്കാനും തീരുമാനമായി.
ചര്‍ച്ചയില്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, കെ.പി. സഹദേവന്‍, കെ. ചന്ദ്രന്‍പിള്ള, എം. സ്വരാജ് എം.എല്‍.എ, എ. സിയാവുദ്ദീന്‍, സി.സി. രതീഷ്, നിഷ കെ. ജയന്‍, ആര്‍. ബൈജു, മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ഡയറക്ടര്‍ ഈപ്പന്‍ അലക്സാണ്ടര്‍, ജോണ്‍ വി. ജോര്‍ജ്, സി.വി. ജോണ്‍ എന്നിവരും പങ്കെടുത്തു.
Tags:    
News Summary - muthoot labour strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.