തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ചുമതലയിൽനിന്ന് തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയെ മാറ്റില്ല. മരംമുറി കേസിലെ പ്രതികൾ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതിനാൽ അന്വേഷണ തലപ്പത്തുനിന്ന് മാറ്റണമെന്ന ബെന്നിയുടെ ആവശ്യം ഡി.ജി.പി ഷേക്ക് ദര്‍വേഷ് സാഹിബ് തള്ളി. ആരോപണങ്ങളെ അവഗണിച്ച് കേസിൽ കുറ്റപത്രം വേഗത്തിൽ നൽകാൻ ഡി.ജി.പി നിർദേശിച്ചു.
വയനാട് മുട്ടിലെ പട്ടയ ഭൂമിയിൽനിന്ന് വ്യാജരേഖകളുണ്ടാക്കി കോടികളുടെ രാജകീയ മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് കേസ്. കർഷകരെ കബളിപ്പിച്ചും വ്യാജ രേഖകളുണ്ടാക്കിയും മരങ്ങൾ മുറിച്ച് പെരുമ്പാവൂരിലെ മില്ലിലേക്കടക്കം കടത്തുന്നതിനിടെ ചില ലോഡുകൾ പൊലീസ് പിടികൂടിയിരുന്നു.
കേസിൽ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരൻമാരെ അറസ്റ്റ് ചെയ്തതും തെളിവുകൾ ശേഖരിച്ചതും ഡിവൈ.എസ്.പി ബെന്നിയായിരുന്നു.
കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ തനിക്കെതിരെ പ്രതികൾ തങ്ങളുടെ മാധ്യമ സ്വാധീനം ഉപയോഗിച്ച് വേട്ടയാടാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് ബെന്നി രംഗത്തെത്തി. ഇതുസംബന്ധിച്ച് കഴിഞ്ഞ മാസമാണ് രേഖാമൂലം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.