തൃശൂർ: സ്വർണമെന്ന് പറഞ്ഞ് ചെമ്പ് കിരീടം നൽകി ദൈവത്തേയും പറ്റിച്ചയാളാണ് ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയെന്നും മത്സരിക്കാൻ എത്തിയപ്പോഴേ അദ്ദേഹം തോറ്റുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ താമസിച്ചാലും സുരേഷ് ഗോപി ജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാള, ചാലക്കുടി എന്നിവിടങ്ങളിൽ എൽ.ഡി.എഫ് പൊയുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
കരുവന്നൂരിന്റെ പേര് പറഞ്ഞാണ് മോദി തൃശൂരിൽ എത്തുന്നത്. അതുകൊണ്ടൊന്നും കേരളത്തിലെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയില്ല. തൃശൂരിൽ കരുവന്നൂർ പ്രശ്‌നം ഉയർത്തിയിട്ട് ഒരുകാര്യവുമില്ല. അവിടത്തെ പ്രശ്‌നങ്ങൾ പരിഹരിച്ചു. ഇപ്പോൾ പ്രവർത്തനം സാധാരണ നിലയിലായി. അതിന്റെ പേരിലാണ് ഇന്ത്യയാകെ പ്രചാരണം നടത്തുന്നത്. ഇ.ഡിക്ക് ഒപ്പം ഇപ്പോൾ ഇൻകം ടാക്സും വന്നു. അവരുടെ കൈയ്യിൽ മോദിയുടെ വാളാണ്.
സി.പി.എം തൃശൂർ ജില്ലാകമ്മിറ്റിക്ക് പതിറ്റാണ്ടുകളായി അക്കൗണ്ട് ഉണ്ട്. പണത്തെകുറിച്ച് കൃത്യമായ കണക്കുമുണ്ട്. ഓരോവർഷവും ഓഡിറ്റ് ചെയ്‌ത് നൽകുന്നു. അതിന്റെ പേരിലുള്ള കളിയൊന്നും നടക്കില്ല. പ്രതിപക്ഷത്തിനെതിരെ കടന്നാക്രമണം നടത്തുന്നതിന്റെ ഭാഗമായാണിതും. എന്നാൽ, കോൺഗ്രസ് ഇതേകുറിച്ച് മിണ്ടുന്നില്ല.
കോൺഗ്രസ് 3,500 കോടി പിഴ അടയ്‌ക്കണമെന്നാണ് ഇൻകം ടാക്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏറ്റവും വലിയ സാമ്പത്തിക കുറ്റം ചെയ്‌ത ബി.ജെ.പിക്ക് പിഴയില്ല. ഇലക്ടറൽ ബോണ്ട് എല്ലാ കള്ളന്മാരും കൊടുത്തു. കോൺഗ്രസ് ഉന്നതനേതാവിന്റെ കുടുംബത്തിന് റിയൽ എസ്‌റ്റേറ്റ് കേസുണ്ടായിരുന്നു. കുറച്ചുവർഷമായി കേസിനെകുറിച്ച് കേൾക്കുന്നില്ല. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവിടണമെന്ന് സുപ്രീം കോടതി പറഞ്ഞപ്പോൾ അയാളുടെ കുടുംബം 170 കോടി ബി.ജെ.പിക്ക് നൽകിയതായി തെളിഞ്ഞു. കൊടുത്തവനും വാങ്ങിയവനും ഉളുപ്പില്ല. ആരും അതേകുറിച്ച് പ്രതികരിച്ചില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.സി. വേണുഗോപാലും മിണ്ടുന്നില്ല. കെജ്‌രിവാളിനെതിരെ കേസ് കൊടുത്ത് അറസ്‌റ്റ് ചെയ്യാത്തതെന്ത് എന്ന് ചോദിച്ചവരാണ് കോൺഗ്രസെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.