മുസ്‍ലീം ലീഗിനുളള പ്രശംസ തുടർന്ന് എം.വി. ഗോവിന്ദൻ, 'യു.ഡി.എഫിൽ പുതിയ പ്രശ്നങ്ങൾ രൂപപ്പെടുകയാണ്'

യു.ഡി.എഫ് ഘടകകക്ഷിയായ മുസ്‍ലീം ലീഗിനെ പ്രശംസിക്കുന്നത് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടരുകയാണ്. എൽ.ഡി.എഫിന്റെ നിലപാട് പൊതുജനങ്ങളിൽ മാത്രമല്ല, യു.ഡി.എഫിലും പുതിയ പ്രശ്നങ്ങൾ രൂപപ്പെടുത്തിയെന്ന് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ഗോവിന്ദൻ വ്യക്തമാക്കി.

വികസനത്തെ തടയുന്ന നയത്തിനെതിരെയും ഗവർണറുടെ സമീപനത്തിനെതിരെയും ലീഗ് പരസ്യമായി രംഗത്തുവന്നു. ആർ.എസ്.പിയും ഗവർണറുടെ ​പ്രശ്നത്തിൽ സർക്കാർ നിലപാടിനൊപ്പം നിന്നു. ഇത്, യു.ഡി.എഫിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അതിന്റെ ഫലമായി നിയമസഭയിൽ ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്തു നിന്നും മാറ്റുന്ന ബില്ലിനെ യു.ഡി.എഫിനും പിന്തുണ​ക്കേണ്ട സ്ഥിതിവി​​ശേഷമുണ്ടായെന്നും ഗോവിന്ദൻ ലേഖനത്തിൽ പറയുന്നു.

കേരളത്തിന്‍റെ വികസനത്തിനു വേണ്ടിയും സംഘ്പരിവാറിന്‍റെ രാഷ്ട്രീയ അജണ്ടകൾക്കെതിരായുമുള്ള പോരാട്ടത്തിൽ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും സി.പി.എം എന്നും മുന്നിലുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വർത്തമാന കാലത്തുണ്ടായ വിഴിഞ്ഞം പ്രശ്നത്തിലും ഗവർണറുടെ പ്രശ്നത്തിലും ലീഗ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അത്തരം നിലപാട് ആര് സ്വീകരിച്ചാലും അതിനെ തുറന്ന മനസോടെ സ്വീകരിക്കാൻ സി.പി.എം പ്രതിജ്ഞാബദ്ധമാണ്. അത് മുന്നണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്‍റെ പ്രശ്നവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.

എൽ.ഡി.എഫും സർക്കാരും സ്വീകരിക്കുന്ന നയങ്ങൾ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നുവെന്നതിന്‍റെ സൂചന കൂടിയാണിത്. സംഘ്പരിവാർ അജൻഡകളെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നയങ്ങളേക്കാൾ ഇടതുപക്ഷത്തിന്റെ നയങ്ങൾ സ്വീകാര്യമാണെന്ന് യു.ഡി.എഫിലെ ഘടകകക്ഷികൾ പോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണെന്നും ലേഖനത്തില്‍ പറയുന്നു.

Tags:    
News Summary - MV Govindan says that new problems arise in UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.