ന്യൂഡൽഹി: ലോക് തന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ് കുമാറിനെ ദേശീയ നേതൃത്വം തെരഞ്ഞെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറിയായി വര്‍ഗീസ് ജോര്‍ജിനെയും നിയമിച്ചു. ഇരുവരുടെയും നിയമനം പാർട്ടി ജനറൽ സെക്രട്ടറി സുശീല മുറാലെ വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.
കോഴിക്കോട് ദേവഗിരി കോളജിലെ പഠനകാലത്ത് വിദ്യാർഥി ജനതയിലൂടെയാണ് എം.വി. ശ്രേയാംസ്കുമാർ രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് ജനത പാർട്ടിയുടെ കൽപറ്റ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹി, നിയോജകമണ്ഡലം ഭാരവാഹി, യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി, ജനതാദൾ വയനാട് ജില്ല സെക്രട്ടറി, ജനതാദൾ എസ് വയനാട് ജില്ല പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായി കൽപറ്റയിൽനിന്ന് ജയിച്ചു. 2011ലും ഇവിടെനിന്ന് വിജയിച്ചു. ജെ.ഡി.യു അഖിലേന്ത്യ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
മാതൃഭൂമി ജോയൻറ് മാനേജിങ് ഡയറക്ടറായ ശ്രേയാംസ് കുമാർ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി കേരള റീജനൽ കമ്മിറ്റി ചെയർമാൻ, കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡൻറ്, നാഷനൽ ബ്രോഡ്കാസ്റ്റേഴ്സ് അസോ. വൈസ് പ്രസിഡൻറ്, ഇൻറർനാഷനൽ അഡ്വർടൈസിങ് അസോ. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.