തിരുവനന്തപുരം: എ.ഐ കാമറ വൈദ്യുതി ബോർഡ് വാഹനങ്ങൾക്ക് പിഴയിടുകയും കെ.എസ്.ഇ.ബി മോട്ടോർ വാഹന ഓഫിസുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നത് ആവർത്തിച്ചതോടെ വിഷയത്തിൽ വകുപ്പു മന്ത്രിമാരുടെ ഇടപെടൽ. ഇത്തരം സംഭവങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി ആന്റണി രാജു മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.
എം.വി.ഡി ഓഫിസുകളിലെ ഫ്യൂസ് ഊരൽ വൈരാഗ്യം തീർക്കലല്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയും പ്രതികരിച്ചു. കണ്ണൂർ, കാസർകോട്, വയനാട് അടക്കം വിവിധ ജില്ലകളാണ് കെ.എസ്.ഇ.ബി ജീപ്പിൽ തോട്ടിയുടെ പേരിലും അനുമതിയില്ലാതെ കെ.എസ്.ഇ.ബി എന്ന് ബോർഡ് വെച്ചതും ഉൾപ്പെടെ ചൂണ്ടിക്കാട്ടി എ.ഐ കാമറ വഴി മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. ഇവിടെയൊക്കെ കെ.എസ്.ഇ.ബി ഫ്യൂസ് ഊരുകയും ചെയ്തു. രണ്ടു വകുപ്പുകൾ തുടർച്ചയായി പോരടിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ ഇടപെടൽ.
കെ.എസ്.ഇ.ബി വാഹനങ്ങൾക്ക് പിഴയിടുന്നതിൽ സൂക്ഷ്മത പാലിക്കാൻ നിർദേശിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടായത്. അടിയന്തര സർവിസുകളെ ഒഴിവാക്കണം. ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മോട്ടോർ വാഹന വകുപ്പുമായി വൈദ്യുതി വകുപ്പിന് അഭിപ്രായ ഭിന്നതയില്ലെന്നും വിവിധ ജില്ലകളിലെ എം.വി.ഡി ഓഫിസുകളിൽ ഫ്യൂസ് ഊരൽ ബോധപൂർവമെന്ന ആക്ഷേപം പരിശോധിക്കുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
വൈദ്യുതി ലൈനിൽ ചാഞ്ഞുകിടക്കുന്ന മരക്കൊമ്പുകൾ വെട്ടാൻ തോട്ടിയുമായി പോയ കെ.എസ്.ഇ.ബി വാഹനത്തിന് പിഴചുമത്തിയതിന് പിന്നാലെയാണ് വൈദ്യുതി ബില്ലടക്കാൻ വൈകിയ വിവിധ സ്ഥലങ്ങളിലെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകളുടെ ഫ്യൂസ് ഊരാൻ തുടങ്ങിയത്. എ ഐ ക്യാമറ പ്രവർത്തനം നിരീക്ഷിക്കുന്ന മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർടി ഓഫിസിന്റെ ഫ്യൂസ് അടക്കം ഊരിയിരുന്നു.
വയനാട്ടിൽ തോട്ടിയുമായി പോയ കെ.എസ്.ഇ.ബി കരാർ വണ്ടിക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ട സംഭവത്തിൽ തുടങ്ങിയതാണ് കെ.എസ്.ഇ.ബിയും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പ്രശ്‌നങ്ങൾ. ഇതിനുപിന്നാലെ വയനാട്ടിലും കാസർകോട്ടും അടക്കം പലയിടങ്ങളിലും മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസുകളിൽ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയിട്ടുണ്ട്.
മട്ടന്നൂരിൽ ഏപ്രിൽ, മെയ് മാസത്തെ കുടിശികയായി 52,820 രൂപ മോട്ടോർ വാഹനവകുപ്പ് അടയ്ക്കാനുണ്ട്. കുടിശ്ശിക അടയ്ക്കാതെ വന്നതോടെ കെ.എസ്.ഇ.ബി ഫ്യൂസ് ഊരുകയായിരുന്നു. കണ്ണൂർ ജില്ലയിലെ എ.ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർണമായും നിയന്ത്രിക്കുന്ന ഓഫിസാണ് മട്ടന്നൂരിലേത്. മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ഓഫിസ് കൂടിയാണിത്.
സ്വാഭാവിക നടപടിയാണുണ്ടായതെന്നും ബിൽ അടയ്ക്കുന്ന പക്ഷം ഫ്യൂസ് തിരികെ വയ്ക്കുമെന്നുമായിരുന്നു കെ.എസ്.ഇ.ബിയുടെ പ്രതികരണം. എന്നാൽ മുമ്പും ഇതുപോലെ തവണ മുടങ്ങിയിട്ടുണ്ടെന്നും ഫ്യൂസ് ഊരുന്ന നടപടി ആദ്യമാണെന്നും മോട്ടോർ വാഹനവകുപ്പ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.