മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്; മറ്റൊരു കേസിലും ജോഷ്വ മാത്യുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട: മൈലപ്ര സര്‍വിസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 86 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ മുന്‍ സെക്രട്ടറി ജോഷ്വ മാത്യുവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായിരുന്ന ജോഷ്വ മാത്യുവിനെ തിരികെ ഹാജരാക്കിയതിനുപിന്നാലെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസിന്‍റെ അപേക്ഷ എത്തുകയായിരുന്നു. അപേക്ഷ പരിഗണിച്ച് രണ്ടുദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

പത്തനംതിട്ട ട്രിനിറ്റി സ്ഥാപന ഉടമ രാജേന്ദ്രപ്രസാദിന്‍റെ പരാതിയിലാണ് അറസ്റ്റ്. അഞ്ചുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി രണ്ടുദിവസമാണ് അനുവദിച്ചത്. ജോഷ്വയുമായി ചൊവ്വാഴ്ച ബാങ്കില്‍ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബാങ്കിന്‍റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടി തട്ടിയ കേസില്‍ 14 ദിവസത്തെ റിമാന്‍ഡ് കാലാവധി തിങ്കളാഴ്ചയാണ് അവസാനിച്ചത്. ജോഷ്വയുടെ റിമാന്‍ഡ് കാലാവധി ഒക്ടോബർ ഒമ്പതുവരെ കോടതി നീട്ടി. ഞായറാഴ്ച ജോഷ്വയുമായി ക്രൈംബ്രാഞ്ച് സംഘം അങ്കമാലിയില്‍ തെളിവെടുത്തു.

ജോഷ്വയുടെ പെണ്‍മക്കളുടെ ഭര്‍തൃവീടുകളിലാണ് തെളിവെടുപ്പ് നടന്നത്. തുടര്‍ന്ന് ഇദ്ദേഹവുമായി കോയമ്പത്തൂരിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മാറ്റിെവച്ചു. ഗോതമ്പ് വാങ്ങിയ കോയമ്പത്തൂരിലെ ആള്‍ക്കാരുമായി തെളിവെടുക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയശേഷം ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം.

Tags:    
News Summary - Mylapra Cooperative Bank scam; Joshua Mathew was arrested in another case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.