ബാലഭാസ്ക്കറിന്‍റെ പേരിലെടുത്ത ഇൻഷൂറൻസ് പോളിസിയിൽ ദുരൂഹത

തിരുവനന്തപുരം: മരണത്തിന് എട്ട് മാസം മുമ്പ് ബാലഭാസ്കറിന്‍റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുന്നു. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. ഇതേതുടർന്നാണ് അന്വേഷണം. എൽ.ഐ.സി മാനേജര്‍, ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്തു.

ബാലഭാസ്‌കര്‍ മരിക്കുന്നതിന് എട്ടുമാസം മുന്‍പാണ് 82 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയാണ് പോളിസിയുടെ നോമിനി. പോളിസി രേഖകളില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പറും ഇ – മെയില്‍ വിലാസവുമാണുള്ളത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ബാലഭാസ്കറിന്‍റെ സുഹൃത്തുക്കള്‍ ശ്രമിച്ചുവെന്നാണ് പരാതി. അപേക്ഷാ ഫോമിലെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പോളിസി തുക തടഞ്ഞു വച്ചിരിക്കുകയായിരുന്നു ഇന്‍ഷുറന്‍സ് കമ്പനി.

വിഷ്ണുവിന്റെ സുഹൃത്തായ ഇന്‍ഷുറന്‍സ് ഡെവലപ്‌മെന്റ് ഓഫീസര്‍ മുഖേനയാണ് പോളിസിയെടുത്തിരിക്കുന്നതെന്ന് സി.ബി.ഐ കണ്ടെത്തി. ഐ.ആ.ര്‍ഡി.എ ചട്ടങ്ങള്‍ ലംഘിച്ച് പ്രീമിയം ഇന്‍ഷുറന്‍സ് ഡെവലപ്‌മെന്‍റ് ഓഫീസറുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അടച്ചത്. സംശയങ്ങള്‍ ബലപ്പെട്ട സാഹചര്യത്തിലാണ് പ്രീമിയം ആര് അടച്ചു എന്നതിലും, എങ്ങനെ അടച്ചു എന്നതിലും സി.ബി.ഐ അന്വേഷണം ശക്തമാക്കിയത്.

അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർ അജിയുടെ മൊഴിയും രേഖപ്പെടുത്തി. വാഹനമോടിച്ചത് ആരാണെന്ന് സംശയമുയർന്നത് അജിയുടെ മൊഴിയോടെയാണ്. പച്ച ഷർട്ട് ധരിച്ചയാളാണ് ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്നതെന്നാണ് അജിയുടെ മൊഴി. അപകടം നടക്കുമ്പോൾ പച്ച് ഷർട്ട് ധരിച്ചിരുന്നത് ഡ്രൈവർ അർജ്ജുനാണ്.

Tags:    
News Summary - Mystery in the insurance policy taken in the name of Balabhaskar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.