പാലക്കാട്: മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം അട്ടപ്പാടിയിൽ വിശ്രമത്തിനെത്തിയ സമരനായിക ഇറോം ശർമിളക്കൊപ്പമുള്ള നജീമ ബീബിയുടെ ജീവിതം കടന്നുപോയതും പോരാട്ടവഴികളിലൂടെ. യുൈനറ്റഡ് മണിപ്പൂർ മുസ്ലിം വിമൺ ഡെവലപ്മെൻറ് ഓർഗനൈസേഷനിലൂടെ പൊതുരംഗത്തേക്ക് കടന്ന നജീമക്ക് ഇറോമുമായുള്ള സൗഹൃദത്തിന് മാസങ്ങളുടെ പഴക്കം മാത്രമാണുള്ളത്. കടന്നുവന്ന കനൽപാതകളുടെ സാമ്യതയാകാം ഇരുവരേയും അടുപ്പിച്ചത്. ഇറോം നിരാഹാരസമരം നടത്തുന്ന സമയത്ത് പലതവണ നജീമ കാണാൻ പോയിട്ടുണ്ടെങ്കിലും സൗഹൃദം ശക്തമായത് സമരം അവസാനിപ്പിച്ചതിന് ശേഷമാണ്. ഇറോം ശർമിള പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചപ്പോൾ നജീമക്കായിരുന്നു ട്രഷററുടെ ചുമതല.
മണിപ്പൂരിൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച മുസ്ലിം വനിത എന്ന പെരുമയും നജീമ ബീബിക്കാണ്. തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ ഇവർക്ക് പ്രധാനമായും നേരിടേണ്ടിവന്നത് മതത്തിനകത്തെ യാഥാസ്ഥിതിക വിഭാഗക്കാരുടെ ഭീഷണിയായിരുന്നു. പലതരം വിലക്കുകളെ അവഗണിച്ചാണ് മത്സരിച്ചത്. 80 ശതമാനം മുസ്ലിം ജനസംഖ്യയുള്ള വാഗഭായ് മണ്ഡലത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി വർഷങ്ങളോളം പ്രവർത്തിച്ച ഇവർക്ക് ലഭിച്ചത് 39 വോട്ട് മാത്രം.
ഷോളയൂർ വട്ടുലക്കിയിലെ ശാന്തി ഇൻഫർമേഷൻ ആൻഡ് മെഡിക്കൽ സെൻററിൽ ഇറോമിനൊപ്പമെത്തിയ നജീമ ഇവിടെയുള്ളവരുമായി പെട്ടെന്ന് ചങ്ങാത്തത്തിലായി. ചില ചില മലയാളം വാക്കുകൾ ഇതിനകം പരിചിതമായി. സയിദ് ഖാനാണ് ഭർത്താവ്. അഞ്ച് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.