ദേശീയപാത 66: മുഖ്യമന്ത്രി നിർമാണപുരോഗതി വിലയിരുത്തി; നാലു സ്ട്രച്ചുകൾ മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കും

തിരുവനന്തപുരം: ദേശീയപാത 66ന്‍റെ വിവിധ സ്‌ട്രച്ചുകളുടെ നിർമാണപുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. 80 ശതമാനത്തില്‍ കൂടുതല്‍ നിർമാണ പുരോഗതി കൈവരിച്ച തലപ്പാടി-ചെങ്കള, കോഴിക്കോട് ബൈപാസ്, രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് സ്ട്രച്ചുകള്‍ 2025 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജലാശയങ്ങളില്‍നിന്ന് മണ്ണെടുക്കാൻ അനുമതിക്കുള്ള അപേക്ഷകളില്‍ വേഗം തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

മൈനിങ് ആൻഡ് ജിയോളജി വകുപ്പില്‍നിന്ന് അനുമതി ലഭിച്ചിട്ടും ജനകീയ പ്രതിഷേധങ്ങളെതുടര്‍ന്ന് മണ്ണെടുക്കാനാവാത്ത സാഹചര്യങ്ങളില്‍ കെട്ടിവെച്ച തുക തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിർദേശം നല്‍കി. 17,293 കേസുകളാണ് നിലവിലുള്ളത്. എൻ.എച്ച് 66 നിർമാണത്തിനായി 5580 കോടി രൂപ സംസ്ഥാനം മുടക്കി. എൻ.എച്ച് 966ന് 1065 കോടിയും എൻ.എച്ച് 66നായി 237 കോടിയും നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കേരളത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ണ് ലഭിക്കാത്തതിനാലാണ് നിർമാണപ്രവര്‍ത്തികള്‍ക്ക് പ്രതീക്ഷിച്ച പുരോഗതിയുണ്ടാകാത്തതെന്ന് കരാറുകാര്‍ പറഞ്ഞു. 50 ശതമാനത്തില്‍ താഴെ നിർമാണപുരോഗതിയുള്ള സ്ട്രെച്ചുകളെ സംബന്ധിച്ച് പ്രത്യേകം വിലയിരുത്തി. ഓരോ മാസവും അഞ്ച് ശതമാനം പുരോഗതിയുണ്ടായിട്ടില്ലെങ്കില്‍ കരാറുകാരനെ ടെർമിനേറ്റ് ചെയ്യാനാണ് തീരുമാനമെന്ന് നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അരൂര്‍-തുറവൂര്‍ റൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആലപ്പുഴ, എറണാകുളം കലക്ടമാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

യോഗത്തില്‍ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിന്‍, ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ദേശീയപാത റീജനല്‍ ഓഫിസര്‍ ബി.എല്‍. വീണ, കെ.എസ്‌.ഇ.ബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - National Highway 66: Chief Minister reviewed construction progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.