മലപ്പുറം: കന്യാകുമാരി മുതൽ മഹാരാഷ്ട്രയിലെ പൻവേൽ വരെ നീളുന്ന ദേശീയപാത 66 ആറു വരിപ്പാതയായി വികസിപ്പിക്കുന്ന നടപടികൾക്ക് വേഗം കൂടുന്നു. കേരളത്തിൽ കാസർകോട് തലപ്പാടി മുതൽ എറണാകുളം ജില്ലയിലെ ഇടപ്പള്ളി വരെയാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.
രണ്ടു സർവിസ് റോഡുകൾ അടക്കം എട്ടുവരിപ്പാതയാണ് 45 മീറ്റർ വീതിയിൽ വരാൻ പോകുന്നത്. ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് നടപടികൾ നീണ്ടുപോയ തൃശൂർ ജില്ലയിലെ ആറ് അലൈൻമെൻറുകൾക്കും മലപ്പുറത്ത് വളാഞ്ചേരി, കോട്ടക്കൽ ബൈപാസുകൾ ഉൾപ്പെടെയുള്ള അലൈൻമെൻറുകൾക്കും ജില്ല കലക്ടർമാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ സ്ഥലമെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേശീയപാത െകാച്ചി ഡിവിഷൻ പ്രോജക്ട് ഡയറക്ടർ എൽ.എസ്. രാജ് പുരോഹിത് പറഞ്ഞു.
വെങ്ങളം-രാമനാട്ടുകര ബൈപാസ് റോഡ് വികസനത്തിന് ടെൻഡർ നടപടികളായി. തൃശൂർ ജില്ലയിലെ മണ്ണുത്തി മുതൽ പാലക്കാട് വരെയുള്ള നാലുവരിപ്പാത രണ്ടു മാസത്തിനുള്ളിൽ പൂർണമായി ഗതാഗത സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു. ജില്ല കലക്ടർമാർ അംഗീകാരം നൽകിയ അലൈൻമെൻറുകൾക്ക് അന്തിമ അനുമതി നൽകേണ്ടത് ദേശീയപാത അധികൃതരാണ്. ഇത് വൈകാതെ പൂർത്തിയാകും. ഇതിന് ശേഷം മൂന്ന് എ വിജ്ഞാപനം ഇറക്കും. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുള്ളവർക്ക് ഇൗ ഘട്ടത്തിൽ അധികൃതരെ സമീപിക്കാം. പിന്നീട് സർവേ നടപടികൾ തുടങ്ങും. ഏറ്റെടുക്കേണ്ട സ്ഥലവും വിലയും നിശ്ചയിക്കുന്നത് ഇൗ ഘട്ടത്തിലാണ്. പിന്നീട് മൂന്ന് ഡി വിജ്ഞാപനം ഇറക്കും. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്ന നടപടിയാണ് അന്തിമമായി നടക്കുന്നത്. മൊത്തം ഏറ്റെടുക്കേണ്ട ഭൂമിയുടെ 60 ശതമാനം പൂർത്തിയായാൽ തന്നെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.