അഗളി: ദേശീയ പട്ടികവർഗ കമീഷൻ ചെയർമാൻ നന്ദകുമാർ സായും സംഘവും ചിണ്ടക്കി ഊരിലെ മധുവിെൻറ വീട് സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ എത്തിയ ചെയർമാനും സംഘവും മധുവിെൻറ മാതാവിനെയും സഹോദരിമാരെയും കണ്ട് സംസാരിച്ചു. ആൾക്കൂട്ട കൊലപാതകത്തെ അപലപിച്ച അദ്ദേഹം അവരോട് സംസ്ഥാന സർക്കാറിെൻറ ധനസഹായം ലഭ്യമായോ എന്ന് ചോദിച്ചു.
മൊത്തം ധനസഹായമായ പത്ത് ലക്ഷത്തിൽ നാലര ലക്ഷത്തിനടുത്ത് മധുവിെൻറ അമ്മയുടെ കൈയിൽ നൽകിയതായും ബാക്കി തുക ബാങ്ക് വഴി നൽകിയതിെൻറ രേഖകൾ ഉടൻ അവർക്ക് കൈമാറുമെന്നും ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബു കമീഷനെ അറിയിച്ചു. എനിക്ക് നിങ്ങളുടെ മനോവേദന മനസ്സിലാക്കാൻ സാധിക്കുമെന്ന് കമീഷൻ ചെയർമാൻ മധുവിെൻറ കുടുംബാംഗങ്ങളെ അറിയിച്ചു. മുഴുവൻ സഹായവും വാഗ്ദാനം ചെയ്താണ് നന്ദകുമാർ സായും മടങ്ങിയത്.
കുടിവെള്ളപ്രശ്നം പരിഹരിക്കാൻ നയപരവും സമയബന്ധിതവുമായ ഇടപെടൽ നടത്തണമെന്ന് കമീഷൻ കലക്ടർക്ക് നിർദേശം നൽകി. കൂടുതൽ സഹായം ആവശ്യമുണ്ടോയെന്ന ചെയർമാെൻറ ചോദ്യത്തിന് മധുവിെൻറ പ്രതിമ സ്ഥാപിക്കണം എന്നായിരുന്നു അമ്മയുടെ ആവശ്യം. അതിനുള്ള നടപടികൾക്കും കമീഷൻ നിർദേശം നൽകി.
എൻ.സി.എസ്.ടി സെക്രട്ടറി രാഘവ് ചന്ദ്ര, കമീഷൻ അംഗം ഹർഷദ്ബായ് വാസവ, സീനിയർ ഇൻവെസ്റ്റിഗേറ്റർ ആർ.എസ്. മിശ്ര, ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബു, ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാർ, ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു. ഏകദേശം അരമണിക്കൂർ കമീഷൻ സ്ഥലത്ത് ചെലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.