കൊല്ലം: മുഖ്യമന്ത്രിയും മന്ത്രിമാരും ജനസമക്ഷം എത്തിച്ചേരുന്ന നവകേരള സദസ്സിന് ജില്ലയിൽ ആവേശോജ്വല തുടക്കം. പ്രഭാതസദസ്സോടെ തുടക്കമായ ആദ്യദിനത്തിൽ നാല് മണ്ഡലങ്ങളിലായി പതിനായിരക്കണക്കിനുപേരാണ് പങ്കെടുത്തത്.
കൊട്ടാരക്കരയിൽ രാവിലെ നടന്ന പ്രഭാതസദസ്സിനെ തുടർന്ന് പത്തനാപുരം മണ്ഡലത്തിലാണ് ആദ്യ നവകേരള സദസ്സ് സംഘടിപ്പിച്ചത്. വൻജനാവലിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കേൾക്കാൻ എൻ.എസ്.എസ് ഗ്രൗണ്ടിൽ ഒഴുകിയെത്തിയത്. പുനലൂർ മണ്ഡലത്തിലെ സദസ്സിലും സമാനമായിരുന്നു തിരക്ക്. ശേഷം വീണ്ടും കൊട്ടാരക്കരയിലേക്കാണ് നവകേരള ബസ് യാത്രയായത്. വൈകീട്ട് കൊട്ടാരക്കര മണ്ഡലത്തിലെ സദസ്സ് ജൂബിലി മന്ദിരത്തിൽ അരങ്ങേറി. ബി.ജെ.പിയോട് ചേർന്ന് കോൺഗ്രസിന് കേരള വിരുദ്ധ മനസ്സ് രൂപപ്പെട്ടിരിക്കുന്നുവെന്നതുൾപ്പെടെ വിമർശനങ്ങൾ മുഖ്യമന്ത്രി കൊട്ടാരക്കരയിൽ ഉന്നയിച്ചു. തുടർന്ന് കുന്നത്തൂർ മണ്ഡലത്തിലെ സദസ്സിനും മികച്ച സ്വീകരണം ലഭിച്ചു. നാല് മണ്ഡലങ്ങളിലും യൂത്ത് കോൺഗ്രസ് കരിങ്കൊടി, ഉപരോധ പ്രതിഷേധങ്ങളും അരങ്ങേറി. പൊലീസ് ഇടപെട്ട് നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി.
ചൊവ്വാഴ്ച കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം മണ്ഡലങ്ങളിലാണ് നവകേരള സംഘത്തിന്റെ പര്യടനം. രാവിലെ കൊല്ലം ബീച്ച് ഹോട്ടലിൽ പ്രഭാതസദസ്സ് നടക്കും. 11ന് കരുനാഗപ്പള്ളി എച്ച്.ആൻഡ് ജെ മാൾ ഗ്രൗണ്ടിൽ സദസ്സ് നടക്കും. ചവറ മണ്ഡലത്തിൽ ഉച്ചക്ക് ശേഷം മൂന്നിന് കെ.എം.എം.എൽ ഗ്രൗണ്ടിലും 4.30ന് കുണ്ടറ സെറാമിക്സ് ഗ്രൗണ്ടിലുമാണ് സദസ്സുകൾ നടക്കുന്നത്. കൊല്ലം മണ്ഡലത്തിലെ സദസ്സിന് വൈകീട്ട് ആറിന് ആശ്രാമം പ്രശാന്തി ഗാർഡൻസ് വേദിയാകും.
പത്തനാപുരം: കേരള നിയമസഭയുടെ അധികാരം അംഗീകരിക്കാൻപോലും കേന്ദ്രം തയാറല്ലെന്നും നിഷേധാത്മകമായ സമീപനമാണ് സംസ്ഥാനത്തോട് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഞ്ജള്ളൂര്‍ എന്‍.എസ്.എസ് ഗ്രൗണ്ടില്‍ കൊല്ലം ജില്ലയിലെ ആദ്യനവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഫെഡറല്‍ നയത്തെ തകര്‍ക്കുന്ന സമീപനം സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമാകുന്നു. വിവേചനം കാട്ടുന്നതിനെതിരെ പ്രതികരിച്ചിട്ടും ഫലമില്ലാത്ത സാഹചര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നാണ് ചെറുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പത്തനാപുരം എം.എല്‍.എ കെ.ബി.ഗണേഷ്കുമാര് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി. രാജീവ്, പി. പ്രസാദ് എന്നിവര്‍ സംസാരിച്ചു. മറ്റ് മന്ത്രിമാരായ കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണൻകുട്ടി, കെ. ശശിധരൻ, അഹമ്മദ് ദേവർകോവിൽ, ആൻറണി രാജു, അബ്ദുൽ റഹ്മാൻ, ജി.ആർ. അനിൽ, കെ.എന്‍. ബാലഗോപാൽ, സജി ചെറിയാൻ, ഡോ. ആർ. ബിന്ദു, ജെ. ചിഞ്ചു റാണി, എം.ബി. രാജേഷ്, അഡ്വ.പി. മുഹമ്മദ് റിയാസ്, കെ. രാധാകൃഷ്ണൻ, എൻ. വാസവൻ, വീണ ജോർജ്, കലക്ടര്‍ എന്‍. ദേവീദാസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്, സി.പി.ഐ കേന്ദ്ര കൗണ്‍സില്‍ അംഗം കെ. പ്രകാശ് ബാബു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.