'ബസിന് നേരെ ഷൂ എറിഞ്ഞാൽ എങ്ങനെ വധശ്രമം ആകും'; മന്ത്രിമാരെ മാത്രമല്ല, പൊലീസ് ജനങ്ങളെയും സംരക്ഷിക്കണമെന്ന് കോടതി

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. നവകേരള സദസിൽ പങ്കെടുക്കുന്നതിനായി പോകുന്ന ബസിന് നേരെ പെരുമ്പാവൂരിലാണ് ഷൂ ഏറുണ്ടായത്. ബസിനുനേരെ ഷൂ എറിഞ്ഞാൽ വധശ്രമക്കേസ് എങ്ങനെയാണ് നിലനിൽക്കുകയെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല, പൊലീസ് ജനങ്ങളെയും സംരക്ഷിക്കണമെന്നും ചൂണ്ടിക്കാണിച്ചു. കെ.എസ്‌.യു പ്രവർത്തകരെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് രൂക്ഷമായ വിമർശനം ഉണ്ടായത്.

ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിനുനേരെ ഷൂ എറിഞ്ഞാൽ അതിനകത്തേക്കു പോകില്ലല്ലോ, പിന്നെങ്ങനെയാണ് 308ാം വകുപ്പ് ചുമത്താൻ കഴിയുകയെന്നാണ് കോടതി ചോദിച്ചത്. പൊതു സ്ഥലത്ത് പ്രതികളെ മർദിച്ചവർ എവിടെയെന്നും എങ്ങനെയാണ് രണ്ടു നീതി നടപ്പാക്കാൻ പൊലീസിന് കഴിയുന്നതെന്നും കോടതി ചോദിച്ചു.

പൊലീസ് ഉപദ്രവിച്ചുവെന്ന പ്രതികളുടെ പരാതി എഴുതി നൽകാനും ഈ പൊലീസുകാർ ആരൊക്കെയെന്ന് പേര് ഉൾപ്പെടെ നൽകാനും കോടതി ആവശ്യപ്പെട്ടു.

പെരുമ്പാവൂരിലെ നവകേരള സദസിന്‍റെ യോഗം കഴിഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയിൽ വെച്ചായിരുന്നു നവകേരള ബസിന് നേരെ കെ.എസ്.യു പ്രവര്‍ത്തകർ ഷൂ എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂ വീണു. സംഭവത്തില്‍ നാല് കെ.എസ്.യു പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

Tags:    
News Summary - navakerala sadas: The court severely criticized the Kerala Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.