തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ആവർത്തിക്കുന്നതിനിടെ, നവകേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ഒരു കോടി രൂപ ചെലവഴിച്ച് ബസ് വാങ്ങാനുള്ള തീരുമാനം വിവാദത്തിൽ. സർക്കാർ തീരുമാനം ധൂർത്തും ആഡംബരവുമെന്നാരോപിച്ച് പ്രതിപക്ഷം ആക്രമണം കടുപ്പിച്ചതോടെ പ്രതിരോധിച്ച് ഗതാഗതമന്ത്രിയും രംഗത്തെത്തി.
കെ.എസ്.ആർ.ടി.സിക്ക് എ.സി സ്വീപ്പർ കം സെമി സ്ലീപ്പർ ബസ് ഉണ്ടായിരിക്കെ, 1.05 കോടി ചെലവഴിച്ചാണ് 25 സീറ്റുള്ള എ.സി ബെൻസ് വാങ്ങുന്നത്. നിലവിലുള്ള ബസ് നവകേരള യാത്രക്കായി പുനഃസജ്ജീകരിച്ച് ഉപയോഗിക്കാമെന്നിരിക്കെയാണ് പുതിയ ബസ് വാങ്ങുന്നത്. നിലവിൽ അഞ്ചു ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണമുണ്ട്. എന്നാൽ, പുതിയ ബസ് വാങ്ങലിന് ഈ നിയന്ത്രണം ബാധകമല്ലെന്ന ഇളവോടെയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
സിനിമാ താരങ്ങളെപ്പോലെയാണ് മുഖ്യമന്ത്രിയുടെ ആഡംബര കാരവാൻ യാത്രയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. കര്‍ഷകര്‍ പലിശക്ക് പണമെടുത്ത് കൃഷി ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി ഒരു കോടി രൂപയുടെ ബസില്‍ ധൂര്‍ത്തടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. നവകേരള സദസ്സിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്ന പണം പാവങ്ങള്‍ക്ക് നല്കിയിരുന്നെങ്കില് ആത്മഹത്യകള്‍ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമ പെൻഷൻ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും ഓരോ ദിവസവും ജനം പൊറിതിമുട്ടുമ്പോൾ കേരളം കാണാൻ സുഖവാസയാത്രയായി എത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആഡംബര ‘കാരവൻ’ ഒരുക്കുന്നത് സർക്കാറിനുതന്നെ ബൂമറാങ് ആകും. കോടികൾ മുടക്കി ഹെലികോപ്ടറിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഡംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ലെന്നും ചെന്നിത്തല പറഞ്ഞു. നവകേരള സദസ്സിന് ആളെയെത്തിക്കാൻ സ്വകാര്യ ബസുകള്‍ സൗജന്യമായി വിട്ടുനല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസുടമകൾക്കുമേൽ സമ്മര്‍ദം ചെലുത്തുന്നതിനിടയിലാണ് വൻ തുക ബസിന്റെ രൂപമാറ്റത്തിനായി സർക്കാർ വിനിയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.