തിരുവനന്തപുരം: പരീക്ഷയിലെ സമയനഷ്ടത്തിന്റെ പേരിൽ ഗ്രേസ് മാർക്ക് അനുവദിച്ച 1563 പേർക്ക് വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചതോടെ നീറ്റ് -യു.ജി റാങ്ക് പട്ടിക ഒന്നടങ്കം മാറും. നിലവിലെ റാങ്ക് പട്ടികയിൽ 67 പേർക്കാണ് 720 മാർക്കോടെ ഒന്നാം റാങ്ക് നൽകിയത്. 44 പേർ ഗ്രേസ് മാർക്ക് ആനുകൂല്യത്തിലാണ് ഒന്നാം റാങ്ക് നേടിയത്. പുനഃപരീക്ഷ നടത്തുന്നതോടെ ഗ്രേസ് മാർക്കിലൂടെ ഒന്നാം റാങ്ക് നേടിയവരുൾപ്പെടെ താഴോട്ടുള്ളവരുടെ റാങ്കുകളിൽ മാറ്റംവരും. തുടർന്നങ്ങോട്ടുള്ളവരുടെ റാങ്കുകളിലും ഇതിനനുസൃതമായി മാറ്റങ്ങൾ വരാം. 718, 719 മാർക്കുകൾ നേടി മുൻനിരയിൽ വന്നവരും ഗ്രേസ് മാർക്ക് റദ്ദാക്കിയവരിൽ ഉൾപ്പെടും.
പുനഃപരീക്ഷയിൽ നേടുന്ന സ്കോറോ പുനഃപരീക്ഷ എഴുതാത്തവർക്ക് ഗ്രേസ് മാർക്കില്ലാത്ത സ്കോറോ ആയിരിക്കും റാങ്കിനായി പരിഗണിക്കുക. 1563 പേരുടെ ഗ്രേസ് മാർക്ക് റദ്ദാകുന്നതോടെ ഗ്രേസ് മാർക്കില്ലാതെ ഒന്നാം റാങ്കിലെത്തിയവർ ഒഴികെയുള്ളവരുടെ റാങ്കിൽ ചലനം സംഭവിക്കും. പുനഃപരീക്ഷക്കുശേഷം എൻ.ടി.എ പുതിയ റാങ്ക് പട്ടിക തയാറാക്കേണ്ടിവരും. 23ന് പരീക്ഷ നടത്തി 30ന് ഫലം പ്രസിദ്ധീകരിക്കുമെന്നാണ് എൻ.ടി.എ അറിയിച്ചത്. ഇതിനു ശേഷമേ റാങ്ക് പട്ടിക അന്തിമമാക്കാനാകൂ. ഇതിനനുസരിച്ചാണ് സംസ്ഥാനതല കൗൺസിലിങ്ങിനായുള്ള പട്ടിക എൻ.ടി.എ കൈമാറുക. ഈ സാഹചര്യത്തിൽ കേരള റാങ്ക് പട്ടിക തയാറാക്കുന്നതിലും നേരിയ കാലതാമസം വന്നേക്കാം.
കേരളത്തിൽനിന്ന് യോഗ്യത നേടിയവരുടെ വിവരങ്ങൾ ലഭ്യമാക്കാനുള്ള കത്ത് സർക്കാർ ഡൽഹിയിലുള്ള ലെയ്സൺ ഓഫിസർ വഴി എൻ.ടി.എക്ക് കൈമാറി. പുനഃപരീക്ഷ സാഹചര്യത്തിൽ 30ന് ശേഷമേ വിവരങ്ങൾ ലഭിക്കൂ. ഇതു പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റ് വഴി വിദ്യാർഥികളുടെ കൺഫർമേഷന് വേണ്ടി പ്രസിദ്ധീകരിക്കും. നീറ്റ് യോഗ്യത നേടിയവരും കേരളത്തിലെ പ്രവേശന നടപടികളിൽ പങ്കെടുക്കാൻ പ്രവേശന പരീക്ഷാ കമീഷണർക്ക് അപേക്ഷിക്കാത്തവരുമായ വിദ്യാർഥികൾക്ക് ജൂൺ 19ന് വൈകീട്ട് ആറുവരെ അപേക്ഷിക്കാം.
അതേസമയം, റാങ്ക് പട്ടിക വൈകുമെങ്കിലും അഖിലേന്ത്യ ക്വോട്ട പ്രവേശന നടപടികൾ ജൂലൈ ആറിന് തുടങ്ങാനുള്ള ഷെഡ്യൂളിൽ മാറ്റംവരുത്തില്ലെന്നാണ് കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചത്. അതിനാൽ കേരളത്തിലും പ്രവേശന നടപടികൾ വൈകില്ല. നാഷനൽ മെഡിക്കൽ കമീഷന് അംഗീകാരം നൽകുന്ന ഷെഡ്യൂൾ പ്രകാരമാണ് അഖിലേന്ത്യ ക്വോട്ടയിലേക്കുള്ള കൗൺസലിങ് നടപടികൾ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി)യും സംസ്ഥാന ക്വോട്ടയിലേക്കുള്ളത് പ്രവേശനപരീക്ഷ കമീഷണറും പൂർത്തിയാക്കുന്നത്. ഇതു ജൂലൈ ആദ്യം പ്രസിദ്ധീകരിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.