കൊല്ലം: ആയൂർ മാർത്തോമ കോളജിൽ ഞായറാഴ്ച നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. പരീക്ഷ ചുമതലയുണ്ടായിരുന്നവരെ അടക്കം ചോദ്യംചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസിൽ പരാതി ലഭിച്ചിട്ടും പരീക്ഷ കേന്ദ്രത്തിൽ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ സെന്റർ സൂപ്രണ്ട്, സിറ്റി കോഓഡിനേറ്റർ, നിരീക്ഷകൻ എന്നിവർ റിപ്പോർട്ട് നൽകിയിരുന്നു. സെന്റർ സൂപ്രണ്ടായിരുന്ന പ്രിജി കുര്യൻ ഐസക് എന്ന അധ്യാപകന് വീഴ്ചയുണ്ടായെന്ന് കോളജ് അധികൃതർ സമ്മതിച്ചിട്ടുണ്ട്. അധ്യാപകനിൽനിന്ന് വിശദീകരണം തേടിയെന്നും അന്വേഷണത്തിനുശേഷം നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.
സൂപ്രണ്ട് പ്രിജി കുര്യനെയടക്കം ബുധനാഴ്ച പൊലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച കോളജിലെ രണ്ട് ശുചീകരണ ജീവനക്കാരെയും പരിശോധന നടത്തിയ സെക്യൂരിറ്റി ഏജൻസി ജീവനക്കാരനായിരുന്ന മൂന്നുപേരെയും അറസ്റ്റ് ചെയ്ത് കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
കോളജ് അധികൃരുടെ നിർദേശപ്രകാരം ഉൾവസ്ത്രങ്ങൾ അഴിപ്പിച്ചെന്നാണ് ഏജൻസി വഴി സെക്യൂരിറ്റി ജോലിക്ക് ആളെ എത്തിച്ച കരാറുകാരൻ പറയുന്നത്. വിഷയത്തിൽ ഇരുകൂട്ടരും പരസ്പരം പഴിചാരുമ്പോൾ എല്ലാവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ശൂരനാട് സ്വദേശിനിയായ പെൺകുട്ടിയാണ് ഒടുവിൽ പരാതി നൽകിയത്. ഇതുൾപ്പെടെ പരാതി നൽകിയ ആറുപേരിൽനിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.