നെല്ലിയാമ്പതി ബ്രിട്ടീഷ് എസ്റ്റേറ്റുകൾ: ഇരുട്ടിൽ തപ്പി പാലക്കാട് കലക്ടർ

കോഴിക്കോട്: നെല്ലിയാമ്പതിയിൽ എത്ര ബ്രിട്ടീഷ് എസ്റ്റേറ്റുകൾ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് ഇരുട്ടിൽ തപ്പി പാലക്കാട് കലക്ടർ. ഹാരിസൺസ് കേസിലെ ഹൈകോടതി വിധിപ്രകാരം 1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികൾക്കും പൗരന്മാർക്കും പാട്ടം നൽകിയ ഭൂമിയിൽ സർക്കാറിന്‍റെ ഉടമസ്ഥ സ്ഥാപിക്കാൻ സിവിൽ കോടതിയിൽ കേസ് നൽകാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് പാലക്കാട് കലക്ടർക്ക് കത്ത് അയച്ചെങ്കിലും ഇതുവരെ സിവിൽ കോടതിയിൽ ഒരു കേസും നൽകിയിട്ടില്ല. നെല്ലിയാമ്പതിയിൽ ബ്രിട്ടീഷ് തോട്ടമായി കരുണ (പോബ്സ് ) എസ്റ്റേറ്റ് മാത്രമേയുള്ളുവെന്നാണ് ജില്ലയിലെ റവന്യൂ വകുപ്പിന്‍റെ വാദം.

നിയമസഭ രേഖകൾ പാലക്കാട്  റവന്യൂ ഉദ്യോഗസ്ഥരുടെ വാദം നിരാകരിക്കുകയാണ്. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകൾ കൃത്രിമ രേഖകളുണ്ടാക്കി വനഭൂമി കൈവശം വെച്ചിരുക്കുന്നുവെന്ന് നിയമസഭയിൽ ആരോപണമുന്നയിച്ചത് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനാണ്. കൊല്ലങ്കോട് കോവിലകം 1890 ൽ 75 വർഷത്തെ പാട്ടത്തിന് കൊടുത്ത് ഭൂമിയാണ് നെല്ലിയമ്പതിയിലേതെന്ന് എ.കെ. ബാലൻ 2014ൽ അടിയന്തര പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി 1965-ൽ അവസാനിച്ചു. ഈ പാട്ടഭൂമിക്ക് കൃത്രിമ രേഖകളുണ്ടാക്കിയാണ് കൈവശം വെച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നെല്ലിയാമ്പതി മലവാരം പഴയ മലബാറിന്റെയും തിരുകൊച്ചിയുടെയും ഭാഗമായിരുന്നു. 1997ൽ പ്രഫ. എ.വി. താമരാക്ഷൻ ചെയർമാനായ നിയമസഭ പരിസ്ഥിതി സമിതി നെല്ലിയമ്പതി ഭൂമി പാട്ടം നൽകിയ ഭൂമിയാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. കൊല്ലം, തിരുവിതാംകൂർ, കൊല്ലങ്കോട് രാജകുടുംബങ്ങൾ കാലാവധി വെച്ച് ചില വ്യവസ്ഥകൾക്ക് വിധേയമായി പാട്ടമായും പട്ടയമായും കൊടുത്തിട്ടുള്ള വനഭൂമികൾ പാട്ടവും പട്ടയവും റദ്ദ് ചെയ്ത് ഏറ്റെടുക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു സമിതിയുടെ ശിപാർശ.

പഴയ മലബാർഭാഗങ്ങൾ കൊല്ലങ്കോട് കോവിലകത്തിന്റെ അധീനതയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഔദ്യോഗിക കണക്ക് പ്രകാരം 8,500 ഏക്കറോളം 14 സ്വകാര്യ എസ്റ്റേറ്റുകളുടെ കൈവശമുണ്ട്. ഈ സ്വകാര്യ എസ്റ്റേറ്റുകൾ പട്ടയഭൂമിയെന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ, ഈ ഭൂമിക്ക് നിയമാനുസൃതം പട്ടയം കൊടുത്തതിന്റെ രേഖകളില്ല. 1970 ലെ ഭൂപരിഷ്കരണ നിയമപ്രകാരം കൈവശക്കാർക്ക് പട്ടയ അവകാശം ലഭിക്കുന്നതിന് ലാൻഡ് ബോർഡിൽ റിട്ടേൺസ് സമർപ്പിക്കണം. 14 സ്വാകര്യ എസ്റ്റേറ്റുകളിൽ 80 ഏക്കർ വരുന്ന ഗണേഷ് എസ്റ്റേറ്റു ഉടമ മാത്രമാണ് തോട്ടമാണെന്ന് രേഖപ്പെടുത്തി ഇളവ് (എക്സംഷൻ) വാങ്ങിയത്. ഗണേഷ് എസ്റ്റേറ്റിലാകട്ടെ യാതൊരുവിധ പ്ലാന്റേഷനുമില്ലെന്നാണ് നിയമസഭ സമിതി അന്വേഷണത്തിൽ കണ്ടെത്തിയത്.

പഴയ തിരു-കൊച്ചിയുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ ഇപ്പോഴും പാട്ടഭൂമിയായി തുടരുകയാണ്. ലീസ്ഡ് എസ്റ്റേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. പാട്ടത്തിന് കൊടുത്തിരിക്കുന്ന 9,100 ഓളം ഏക്കർ ഭൂമി നെല്ലിയാമ്പതിയിലുണ്ട്. ഇതിൽ 5,800 ഏക്കർ വരുന്ന 20 എസ്റ്റേറ്റുകളിൽ പാട്ടം പിരിക്കുന്നത് വനംവകുപ്പാണ്. അവർ പാട്ടതുക പിരിച്ച് റവന്യൂ വകുപ്പിൽ അടക്കുന്നു. 4,000 ഏക്കർ വരുന്ന 82 എസ്റ്റേറ്റുകൾ പാട്ടം വനംവകുപ്പിൽ നേരിട്ട് അടക്കുന്നു. ഇപ്പോൾ പാട്ടം അടക്കുന്ന 9100 ഏക്കറിനാണെങ്കിലും യഥാർഥത്തിൽ നെല്ലിയാമ്പതിയിൽ തോട്ടമുടമകളുടെ കൈയിൽ എത്ര ഭൂമിയുണ്ടെന്ന് അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല.

എസ്റ്റേറ്റുകൾ ആദ്യം പാട്ടത്തിന് കൊടുത്തിരുന്നവരുടെ പേരിലാണ് ഇപ്പോഴും പാട്ടം അടക്കുന്നത്. ആദ്യ പേരുകരനിൽനിന്ന് അനവധി തവണ അനധികൃതമായി ഭൂമി കൈമാറ്റം നടന്നു. പാട്ടഭൂമി കൈമാറ്റം ചെയ്തത് പല തോട്ടമുടകളും വനംവകുപ്പിനെ അറിയിച്ചിട്ടില്ല. മുൻകാല പാട്ട വ്യവസ്ഥ പ്രകാരം പാട്ടതുക അടക്കുമെങ്കിലും ഇപ്പോൾ ഏതൊക്കെ കമ്പനികൾ നിലവിലുണ്ടെന്നും അത് ആരുടെയൊക്കെ കൈവശമാണെന്നും വനംവകുപ്പിന്റെ കൈവശം രേഖകളില്ലെന്നും കമ്മിറ്റി ചെയർമാൻ എ.വി താമരാക്ഷൻ റിപ്പോർട്ടിൽ വ്യക്തമാക്കി. റവന്യൂ വകുപ്പിന്റെ ഉത്തരവ് പ്രകാരം ബ്രിട്ടീഷ് കമ്പികൾക്ക് പാട്ടത്തിന് നൽകിയ ഭൂമി തിരിച്ചുപിടിക്കാൻ സിവിൽ കോടതിയിൽ കേസ് നൽകണം. ഇക്കാര്യത്തിൽ പാലക്കാട് കലക്ടറാണ് എസ്റ്റേറുകളുടെ കണക്ക് ഹാജരാക്കേണ്ടത്.     

Tags:    
News Summary - Nelliampathi British Estates: Palakkad collector in the dark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.