ശബരിമല: ശബരിമലയിലെ പുതിയ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തി. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് ഡി.ജി.പിക്ക്് പരാതി നൽകി. തുണിയിൽ മെർക്കുറി പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിഞ്ഞതാവാമെന്നാണ് സംശയിക്കുന്നത്. കൊടിമരത്തിന്‍റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി (രസം)ഒഴിച്ചതായാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പഞ്ചവര്‍ഗത്തറയിലെ സ്വര്‍ണം ഉരുകി. ഉച്ചപൂജക്ക് ശേഷം പഞ്ചവര്‍ഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് മെര്‍ക്കുറി ഒഴിച്ചതായി മനസിലായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അബദ്ധത്തിൽ സംഭവിച്ചതാണോ അതോ ബോധപൂർവം കൊടിമരം കേടുപാടു വരുത്തിയതാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിനായി കൊടിമരത്തിന് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്.
ഇന്ന് ഉച്ചക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂർത്തത്തിലാണ് സ്വർണ കൊടിമര പ്രതിഷ്ഠ നടന്നത്. വലിയ ഭക്തജനത്തിരക്കും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജക്ക് ശേഷം ഭക്തർ മലയിറങ്ങിയ ശേഷമാണ് കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ദേവസ്വം അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഫോറൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തും. 3.20 കോടി രൂപ മുടക്കിയാണ് പുതിയ കൊടിമരം സന്നിധാനത്ത് പ്രതിഷ്ഠിച്ചത്. 9.161 കിലോ ഗ്രാം സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.