തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യവിൽപനശാലകൾ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. എത്ര മദ്യവിൽപനശാലകളാണ് ആരംഭിക്കുന്നതെന്ന് ഉത്തരവിലില്ല. പൂട്ടിപ്പോയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും വാക്- ഇൻ സൗകര്യത്തോടെ പുതിയ വിൽപനശാലകൾ ആരംഭിക്കണമെന്നും ബെവ്കോ ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ ഭാഗമായാണ് ഉത്തരവ്. ഉചിതമായ സ്ഥലങ്ങൾ കണ്ടെത്തി ഔട്ട്ലെറ്റുകൾ ആരംഭിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്.
പുതിയ മദ്യനയത്തിന്‍റെ ഭാഗമായി 68 ഔട്ട്ലെറ്റുകൾ തുറക്കുമെന്നാണ് ബെവ്കോ അധികൃതർ നൽകുന്ന വിവരം. നേരത്തേ പൂട്ടിപ്പോയ ഷോപ്പുകളാണ് ഇതിൽ കൂടുതലും. ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ചുള്ള കോടതി ഉത്തരവ് വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പകരം സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ ഇവ തുറക്കാൻ സാധിച്ചിരുന്നില്ല. കണ്ടെത്തിയ ചില സ്ഥലങ്ങളിലാകട്ടെ പ്രാദേശിക പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് മുന്നോട്ടു പോകാനും സാധിച്ചില്ല.
അതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മദ്യശാലകൾ ആരംഭിക്കാൻ ബെവ്കോ അനുമതി തേടിയത്. അടച്ചുപൂട്ടിയ ഷോപ്പുകൾ പ്രീമിയം ഷോപ്പുകളായാണ് തുറക്കുന്നത്. അവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കും. പുതിയ മദ്യനയത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂർ-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, കണ്ണൂർ-4, കാസർകോട്-2 എന്നിങ്ങനെയാണ് പുതുതായി ആരംഭിക്കാൻ പോകുന്ന മദ്യശാലകളുടെ എണ്ണം എന്നാണ് വിവരം. സർക്കാറിന്‍റെ പുതിയ മദ്യനയത്തിനെതിരെ വ്യാപകമായ പ്രതിഷേധം നിലനിൽക്കെയാണ് പുതിയ മദ്യശാലകൾ തുറക്കാൻ അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.