കൊച്ചി/കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശത്തെത്തുടർന്ന് എൻ.ഐ.എ കൊച്ചി യൂനിറ്റാണ് എറണാകുളം പ്രത്യേക കോടതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് തുടക്കം കുറിച്ചത്. കോഴിക്കോട് റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റീ രജിസ്റ്റർ ചെയ്താണ് എൻ.ഐ.എ അന്വേഷണം നടത്തുന്നത്. അറസ്റ്റിലായ ദൽഹി സ്വദേശി ഷാറുഖ് സെയ്ഫിയെ മാത്രമാണ് ഇപ്പോൾ പ്രതിചേർത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പ്രതി തീവ്ര ചിന്താഗതിക്കാരനാണെന്നാരോപിച്ച് പൊലീസ് യു.എ.പി.എ ചുമത്തിയത്.
ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതിന് ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് എലത്തൂർ സ്റ്റേഷൻ വിട്ട ഉടനെയാണ് പ്രതി ഡി വൺ കമ്പാർട്ട്മെൻറിലെത്തി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ ഒമ്പത് പേർക്ക് തീപ്പൊള്ളലേറ്റിരുന്നു. മൂന്നു യാത്രക്കാരുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയും ചെയ്തു.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച ബാഗിലെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഡൽഹി ശാഹീൻബാഗ് സ്വദേശി ഷാറൂഖ് സെയ്ഫിയാണ് ആക്രമണത്തിനു പിന്നിലെന്ന് സൂചന ലഭിക്കുകയും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) ഇയാളെ രത്നഗിരിയിൽനിന്ന് പിടികൂടി കേരള പൊലീസിന് കൈമാറുകയുമായിരുന്നു.
കേസിലെ ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം കേരള പൊലീസ് ഉടൻ എൻ.ഐ.എക്ക് കൈമാറും. ആക്രമണത്തിലെ ഗൂഢാലോചന, പ്രേരണ അടക്കമുള്ളവയാവും എൻ.ഐ.എ പ്രധാനമായും അന്വേഷിക്കുക. കുറ്റകൃത്യത്തിന് അന്തർസംസ്ഥാന ബന്ധവും തീവ്ര സ്വഭാവവുമുണ്ടെന്ന് വിലയിരുത്തിയാണ് എൻ.ഐ.എയുടെ നടപടി. ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
സംഭവത്തിൽ സമാന്തര അന്വേഷണം നടത്തിയ എൻ.ഐ.എ, തീവെപ്പുണ്ടായ ഡി വൺ കമ്പാർട്മെന്റടക്കം പരിശോധിച്ചിരുന്നു. മാത്രമല്ല, കേസ് വിവരങ്ങൾ ശേഖരിച്ച് തീവ്രവാദസാധ്യതയടക്കം തള്ളാനാവില്ലെന്നു കാട്ടി എൻ.ഐ.എ ഡി.ഐ.ജി എസ്. കാളിരാജ് മഹേഷ് കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതടക്കം മുൻനിർത്തിയാണ് അന്വേഷണത്തിന് ഉത്തരവായത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യംചെയ്യലിലും കണ്ണൂരിലും ഷൊർണൂരിലും തെളിവെടുപ്പ് നടത്തിയും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ യു.എ.പി.എ 16ാം വകുപ്പ് ചുമത്തിയതും കേസ് എൻ.ഐ.എ ഏറ്റെടുക്കുന്നതിൽ നിർണായകമായി. പ്രതി ഡൽഹിയിൽനിന്ന് കേരളത്തിലേക്കു വന്നതും കുറ്റകൃത്യം നടത്തിയതും തുടർന്ന് മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന് പിടിയിലായതും വരെയുള്ള സഞ്ചരപാതയടക്കം തെളിവുകളോടെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തും വിപുലമായ രീതിയിൽ അന്വേഷണം നടത്തേണ്ടതിനാൽ കേന്ദ്ര ഏജൻസികൾക്ക് കേസ് കൈമാറുന്നത് ആഭ്യന്തരവകുപ്പ് ആലോചിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.