കനകമലയിലെ ഐ.എസ് ക്യാമ്പിനെക്കുറിച്ച വിവരങ്ങളില്‍ വൈരുധ്യം

കണ്ണൂര്‍: സ്വകാര്യ വ്യക്തികളുടെ കൈയിലുള്ള 18  ഏക്കറോളം വരുന്ന മേക്കുന്ന് കനകമലയിലെ ഐ.എസ് ക്യാമ്പിനെക്കുറിച്ച് സംസ്ഥാന പൊലീസും എന്‍.ഐ.എയും നല്‍കുന്ന വിവരങ്ങളില്‍  വൈരുധ്യം. കനകമലയില്‍ ക്യാമ്പ് ചെയ്യാവുന്ന വിധത്തില്‍ കെട്ടിടങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ല.  നിത്യചൈതന്യയതി ഏറെ കാലം താമസിച്ച ഗുരുകുലവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന് പുറമെ ഒരു മൊബൈല്‍ ടവറിന്‍െറ പാറാവുകാരന്‍ താമസിക്കുന്ന കെട്ടിടമാണുള്ളത്. ശിവഗിരി മഠവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ മാസം എല്ലാ വര്‍ഷവും രണ്ടാഴ്ച നീളുന്ന പരിപാടികള്‍ നടക്കാറുള്ള കനകമല സന്ദര്‍ശകരുടെയും കേന്ദ്രമാണ്.
കനകമലയില്‍ തീവ്രവാദികള്‍ യോഗം ചേരുന്നുണ്ടെന്ന് ബി.ജെ.പി ചൊക്ളിപൊലീസില്‍ നേരത്തേ പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാന ഇന്‍റലിജന്‍സ് ഒരു മാസം മുമ്പ് കനകമലയില്‍ അന്വേഷിച്ചപ്പോള്‍ സന്ദര്‍ശകരല്ലാതെ മറ്റാരും അവിടെ ക്യാമ്പ് ചെയ്യാറില്ളെന്നാണ് വിവരം കിട്ടിയതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. കനകമലയുമായി ബന്ധപ്പെട്ട ക്യാമ്പ് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചപ്പോള്‍ മാത്രമാണ് ജില്ലാ പൊലീസ് ഇതേക്കുറിച്ച് അറിഞ്ഞത്.
നേരത്തേയുണ്ടായ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റമറ്റ നിലയില്‍ തന്നെയാണ് അന്വേഷിച്ചിരുന്നതെന്നും സംശയകരമായ ഒരു വിവരവും കിട്ടിയിരുന്നില്ളെന്നും ജില്ലാ പൊലീസ് ചീഫ് സഞ്ജയ് കുമാര്‍ ഗുരുദിന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. എന്‍.ഐ.എ സംഘം കനകമലയില്‍ വരുന്ന വിവരം മുന്‍കൂട്ടി പ്രദേശത്തുകാര്‍ അറിഞ്ഞിരുന്നു. വന്‍ ജനാവലിയാണ് എന്‍.ഐ.എയുടെ വരവ് കാണാന്‍ മലയില്‍ എത്തിയിരുന്നത്.
ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന തിരോധാനം ചെയ്യപ്പെട്ട 21 പേരുമായി കണ്ണി ചേര്‍ന്നു കിടക്കുന്നവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Tags:    
News Summary - is nia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.