നിക്കാഹും അറസ്​റ്റും; സി.ഐ ഓഫിസിൽ നാടകീയ കാഴ്​ചകൾ

പൊന്നാനി: നിക്കാഹും അറസ്​റ്റുമെല്ലാമായി സംഭവബഹുലമായിരുന്നു ശനിയാഴ്​ച പൊന്നാനി സി.ഐ ഓഫിസിലെ കാഴ്​ചകൾ. യുവതിയോടൊപ്പം നാടുവിട്ട യുവാവ്​, പൊലീസിനെ ആക്രമിച്ച കേസിൽ അറസ്​റ്റിലായതും ഇരുവരും തമ്മിലുള്ള നിക്കാഹും യുവാവിനെ വയനാട് വൈത്തിരി പൊലീസ്​ കൊണ്ടുപോയതുമെല്ലാമാണ്​ രസകരമായ നിമിഷങ്ങൾക്കിടയാക്കിയത്. പൊന്നാനി അതളൂര്‍ സ്വദേശി മുക്രിയത്ത് തൗഫീഖാണ് (25) ആക്രമണക്കേസിൽ പിടിയിലായത്​. പൊന്നാനി സ്വദേശിനിയായ കാമുകിയുമൊത്ത് വ്യാഴാഴ്ച രാവിലെ നാടുവിട്ട തൗഫീഖ്​​ വയനാട്ടിൽ റൂമെടുത്തതോടെയാണ്​ സംഭവങ്ങളുടെ തുടക്കം. തുടർന്ന്​ കാമുകിയെ റൂമിലാക്കി സുഹൃത്തുക്കളുമായി കറങ്ങാനിറങ്ങുകയായിരുന്നു. 

മദ്യപിച്ചതിനെത്തുടർന്ന്​ പിടിയിലായ സംഘം പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. സുഹൃത്തിനെ സംഭവസ്ഥലത്തുനിന്ന് വൈത്തിരി പൊലീസ് കസ്​റ്റഡിയിലെടുത്തെങ്കിലും തൗഫീഖിനെ പിടികൂടാനായില്ല. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊന്നാനി പൊലീസ് നടത്തിയ അ​േന്വഷണത്തില്‍ പെണ്‍കുട്ടി യുവാവിനൊപ്പം പോയതാണെന്നും വയനാട്ടിലുണ്ടെന്നും മനസ്സിലായി. പൊലീസും ബന്ധുക്കളും ചേര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ ഇരുവരെയും കസ്​റ്റഡിയിലെടുത്ത് പൊന്നാനി കോടതിയില്‍ ഹാജരാക്കി.

യുവാവിനൊപ്പം പോകണമെന്ന് കാമുകി വാശിപിടിച്ചതോടെ ഒപ്പം പോകാന്‍ കോടതി അനുമതി നല്‍കി. എന്നാൽ, യുവാവിനെ അറസ്​റ്റ്​ ചെയ്യാന്‍ പൊന്നാനിയില്‍ കാത്തുനിന്ന വൈത്തിരി പൊലീസിന് കാമുകി തടസ്സമായി. തുടര്‍ന്ന് വൈകീട്ട് ആ​േറാടെ പൊന്നാനി പൊലീസും ബന്ധുക്കളും ചേര്‍ന്ന് സി.ഐ സണ്ണി ചാക്കോയുടെ നിര്‍ദേശപ്രകാരം സി.ഐ ഓഫിസില്‍ നിക്കാഹിന് കളമൊരുക്കി. നിക്കാഹിനുശേഷം പൊന്നാനി പൊലീസ് യുവാവിനെ വൈത്തിരി പൊലീസിനും കാമുകിയെ ബന്ധുക്കള്‍ക്കും കൈമാറി. പൊലീസിനെ ആക്രമിച്ച കേസിൽ യുവാവിനെ തിങ്കളാഴ്​ച കോടതിയില്‍ ഹാജരാക്കും.

Tags:    
News Summary - nikah and arrest in one day kerala news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.