നിപ സംശയം: കുട്ടികളുടെ നില ഗുരുതരം, ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ ചികിത്സയിലുള്ള മൂന്നുപേരിൽ രണ്ടുപേരുടെ നില ഗുരുതരം. ആഗസ്റ്റ് 30ന് ആദ്യം മരണം സംഭവിച്ച മരുതോങ്കര സ്വദേശിയുടെ നാലും ഒമ്പതും വയസുള്ള രണ്ട് മക്കളും ബന്ധുവുമാണ് ചികിത്സയിലുള്ളത്. ഇതിൽ മക്കളുടെ ആരോഗ്യസ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്. ഒമ്പതുവയസുകാരൻ വെന്റിലേറ്ററിന്‍റെ സഹായത്താലാണ് കഴിയുന്നത്. ബന്ധുവായ 25വയസുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം.

അതേസമയം, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ചൊവ്വാഴ്ച ഉച്ചയോടെ ലഭിക്കും. രോഗം സ്ഥിരീകരിച്ചാൽ നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും. രാവിലെ 10 മണിയോടെ ആരോഗ്യമന്ത്രി വീണ ജോർജ്ജ് കോഴിക്കോട്ടെത്തുന്നുണ്ട്.

സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ ആളും ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരിച്ചത്. ആദ്യമരണത്തിൽ നിപയാണെന്ന സംശയംതുടക്കത്തിൽ ഉണ്ടായിരുന്നില്ല. സമാന ലക്ഷണങ്ങളോടെയുള്ള രണ്ടാമത്തെ മരണവും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കമുള്ളവർക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയതുമാണ് നിപ സംശയം ബലപ്പെടുത്തിയത്.

പക്ഷെ അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞിരുന്നു. ഇതോടെ മരിച്ച രണ്ടാമത്തെയാളുടെ ശരീരത്തിൽ നിന്നെടുത്ത സാമ്പിളാണ് പരിശോധനക്ക് അയച്ചത്. ഈ ഫലമാണ് വരാനിരിക്കുന്നത്. സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമവും ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ ജാഗ്രത നിർദേശവുമുണ്ട്. 

Tags:    
News Summary - Nipah suspected: Children's condition critical, Health Minister to Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.