കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസുകാരൻ നിപ ബാധിച്ച് മരിച്ചതിന് പിന്നാലെ 18 പേര്‍ നിരീക്ഷണത്തിൽ. മരിച്ച കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയൽവാസികളും ആണ് സമ്പർക്കപട്ടികയിലുള്ളത്. ഇതിൽ നാലു പേരാണ് പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെടുന്നത്. എന്നാൽ, ഇവർക്ക് രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൂടാതെ, കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നിരീഷണത്തിലാണെന്നും വിവരമുണ്ട്.
നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ പഴൂർ ഒമ്പതാം വാർഡ് പൂർണമായും അടച്ചിട്ടു. സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം എന്നിവിടങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. രോഗലക്ഷണമുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെയായിരുന്നു ചാത്തമംഗലം സ്വദേശിയായ കുട്ടി മരണപ്പെട്ടത്. മസ്തിഷ്കജ്വരവും ഛർദ്ദിയും ബാധിച്ചാണ് കുട്ടി ആദ്യമായി ചികിത്സ തേടിയത്. പിന്നീട് നിപയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തുകയായിരുന്നു. തുടർന്ന് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.