തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 100 പട്ടണങ്ങളിൽ ഡിസംബർ 29ന് നിർഭയ ദിനത്തിൽ രാത്രി 11 മുതൽ പുലർച്ച ഒന്നുവരെ വനിതകളുടെ രാത്രി നടത്തം (നൈറ്റ് വാക്ക്) സംഘടിപ്പിക്കും. നിർഭയ ദിനത്തോടനുബന്ധിച്ച് നിർഭയ സെല്ലിെൻറ നേതൃത്വത്തിലാണ് പരിപാടി. വനിതാ ശാക്തീകരണപ്രവർത്തന ഭാഗമായി ‘പൊതുയിടം എേൻറതും’ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയാണ് രാത്രികാല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒറ്റയ്ക്കോ രണ്ടോ മൂന്നോ അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിേട്ടാ ആണ് രാത്രി നടത്തത്തിൽ പങ്കെടുക്കുക. 200 മീറ്റർ അകലത്തിൽ വളൻറിയർമാർ ഉണ്ടാവും. സാമൂഹിക സുരക്ഷ വകുപ്പിലെ വനിതാ ജീവനക്കാരും വിവിധ വനിതാ സംഘടന പ്രതിനിധികളും ഉൾപ്പെടുന്ന പട്ടികയിൽനിന്ന് നൈറ്റ് വാക്കിന് തയാറാകുന്ന 25 പേരെ പ്രത്യേകം സജ്ജമാക്കും.
ഓരോ കേന്ദ്രത്തിലും കുറഞ്ഞത് 100 വളൻറിയർമാരുടെ പട്ടിക തയാറാക്കും. രാത്രി നടത്തത്തിന് ജനമൈത്രി പൊലീസ് സഹായത്തോടുകൂടി ക്രൈം സീൻ മാപ്പിങ് നടത്തും. ആവശ്യമായ തെരുവുവിളക്കും സാധ്യമായിടത്ത് സി.സി.ടി.വി സംവിധാനവും ഉറപ്പുവരുത്തും. സംഘാംഗങ്ങൾക്കെതിരെ മോശമായി പെരുമാറുന്ന സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് കർശന നടപടിയെടുക്കും. ഡിസംബർ 29ന് ശേഷം മുൻകൂട്ടി അറിയിക്കാതെ 100 പട്ടണങ്ങളിൽ വളൻറിയർമാരുടെ നേതൃത്വത്തിൽ ആഴ്ചതോറും രാത്രികാല നടത്തം സംഘടിപ്പിക്കും. വനിതാദിനമായ മാർച്ച് എട്ടുവരെ തുടർപ്രവർത്തനമുണ്ടാകും.
സമൂഹത്തിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ പൊതുബോധം ഉണർത്തുക, നിലവിലെ പ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്തുക, സ്ത്രീകൾക്ക് അന്യമാകുന്ന പൊതുയിടങ്ങൾ തിരിച്ചുപിടിക്കുക എന്നതിനുമാണ് പരിപാടി. രാത്രി നടത്തത്തിന് പിന്നിൽ പ്രധാനമായി രണ്ട് ലക്ഷ്യങ്ങളാണ്. രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്കുള്ള മാനസിക പ്രയാസവും അകാരണ പേടിയും മാറ്റിയെടുക്കുകയാണ് ഒന്ന്. രാത്രികാലങ്ങളിൽ സ്ത്രീകളെ കണ്ടാൽ ശല്യപ്പെടുത്തുന്നവരുടെ വിവരങ്ങൾ അപ്പോൾതന്നെ പൊലീസിന് കൊടുക്കുകയും കേസെടുത്ത് കർശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തേത്.
സാമൂഹികനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാ വിമൻ പ്രൊട്ടക്ഷൻ ഓഫിസർ ആർ.എസ്. ശ്രീലത, നിർഭയ സെൽ പ്രോഗ്രാം ഓഫിസർമാരായ എ. സുലഭ, ജി.എൻ. സ്മിത എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.