മലപ്പുറം: വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ചതിന് പോക്സോ ചുമത്തപ്പെട്ട മലപ്പുറത്തെ രണ്ട് അധ്യാപകർ ഒളിവിൽതന്നെ. പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതായി ആക്ഷേപമുയർന്നു. ചെമ്മങ്കടവ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.കെ. ഹഫ്സൽറഹ്മാനും മലപ്പുറം ജി.ജി.എച്ച്.എസ്.എസിലെ കെ. രാമചന്ദ്രനുമെതിരെയാണ് പോക്സോ പ്രകാരം കേസെടുത്തത്. പരാതി ലഭിച്ച സമയങ്ങളിൽ ഇവർ നാട്ടിലുണ്ടായിരുന്നിട്ടും അറസ്റ്റ് താമസിപ്പിക്കുകയായിരുന്നു. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.
ഹഫ്സൽ റഹ്മാനെതിരെ രണ്ടാഴ്ച മുമ്പാണ് പരാതി ഉയർന്നത്. സ്വന്തം സ്കൂളിലെ കുട്ടികളടക്കം ഇയാൾക്കെതിരെ മൊഴി നൽകിയിരുന്നു. ഇതിൽ പലരുടേയും വീടുകളിലെത്തി മൊഴി മാറ്റാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചിരുന്നു. കുട്ടികളുടെ പേരുകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനും ശ്രമം നടന്നു. ഇത് തടയാൻ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് പരാതിയുണ്ട്.
പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് തിരച്ചിൽ ഉൗർജിതമാക്കിയതായി പൊലീസ് അവകാശപ്പെടുന്നു. പ്രതികൾ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞയാഴ്ചയാണ് മലപ്പുറം ഗേൾസിലെ അധ്യാപകനെതിരെ പരാതി ഉയർന്നത്. സ്കൂൾ കൗൺസിലറോടാണ് വിദ്യാർഥിനി പരാതി പറഞ്ഞത്. അവർ പൊലീസിന് വിവരം നൽകി. പോക്സോ പ്രകാരം അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഹഫ്സൽ റഹ്മാൻ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറാണ്. രാമചന്ദ്രന് ഇടത് അധ്യാപക സംഘടനയുമായി ബന്ധമുണ്ട്. പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നെന്ന പരാതി ശക്തമാണ്.
ഹഫ്സലിനെതിരായ പരാതി രാഷ്ട്രീയപ്രേരിതം -യൂത്ത് ലീഗ്
മലപ്പുറം: ചെമ്മങ്കടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ എൻ.കെ. ഹഫ്സൽ റഹ്മാനെതിരെ ഉയർന്നുവന്ന ലൈംഗിക പീഡന പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് യൂത്ത് ലീഗ് ജില്ല ജന. സെക്രട്ടറി കെ.ടി. അഷ്റഫ്. ഹഫ്സൽ യൂത്ത് ലീഗിെൻറ ജില്ല വൈസ് പ്രസിഡൻറായതിനാൽ സംഘടന നിയോഗിച്ച കമീഷൻ ഇത് അന്വേഷിച്ചു. ട്രഷറർ വി.ടി. സുബൈർ തങ്ങൾ ചെയർമാനായ അഞ്ചംഗ കമീഷനാണ് ആരോപണത്തെക്കുറിച്ച് അന്വേഷിച്ചത്. ഹഫ്സൽ നിരപരാധിയാണെന്നാണ് മനസ്സിലായത്. പരാതി നൽകിയ കുട്ടികളുടെ പശ്ചാത്തലം ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന സൂചന നൽകി. പലരും മൊഴി മാറ്റുകയും ചെയ്തതായി കെ.ടി. അഷ്റഫ് ചൂണ്ടിക്കാട്ടി.
പോക്സോ കേസ്: മലപ്പുറം ജില്ല ഒന്നാമത്
മലപ്പുറം: ഇൗ വർഷം ഒക്ടോബർ വരെ ജില്ലയിൽ പോക്സോ (ബാലലൈംഗികാതിക്രമം തടയൽ) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടത് 312 കേസുകൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് ജില്ലയിൽ. തിരുവനന്തപുരം റൂറലാണ് രണ്ടാമത്-234. മൂന്നാം സ്ഥാനത്ത് പാലക്കാട്-173. നവംബറിലെ കേസുകളുടെ വിവരം ഒൗദ്യോഗികമായി പുറത്തുവിടുന്നതേയുള്ളൂ. മഞ്ചേരി സബ് ജയിലിൽ തടവിൽ കഴിയുന്നവരിൽ ഭൂരിപക്ഷവും പോക്സോ കേസ് പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.