തിരുവനന്തപുരം: എ.കെ.ജി സെന്റർ വാർത്തസമ്മേളന ഹാളാണ് വേദി. എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റിക്ക് ശേഷം ഇതാദ്യമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഒരുമിച്ച് മാധ്യമങ്ങളെ കാണുന്നത്. ഗവർണർക്കെതിരായ സമരം വിശദീകരിക്കലായിരുന്നു ലക്ഷ്യം. അത് കഴിഞ്ഞതോടെ ചോദ്യങ്ങൾ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിലേക്ക് തിരിഞ്ഞു. അതോടെ വിഷയം വഴിമാറുന്നതിലുള്ള താൽപര്യക്കുറവ് നേതാക്കളിൽ പ്രകടമായി.
?കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ്...(ചോദ്യം പൂർത്തിയാവുംമുമ്പേ മറുപടി)
എം.വി. ഗോവിന്ദൻ: സ്വപ്ന സുരേഷിന്റെ കാര്യത്തിൽ ഇപ്പോൾ ചർച്ചയൊന്നുമില്ല. എൽ.ഡി.എഫിന്റെ വാർത്ത ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്.
കാനം: അതൊരു തുടർക്കഥയല്ലേ. ഇതിപ്പോ രണ്ടാംലക്കമാണ്. അടുത്തത് വരുമല്ലോ.
?സി.പി.എം എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്?
എം.വി. ഗോവിന്ദൻ: പ്രതികരിക്കേണ്ട കാര്യമില്ല. പ്രതികരിക്കാനുണ്ടെങ്കിൽ പ്രതികരിക്കും.
?സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതടക്കം പരിഗണിക്കുന്നുണ്ടോ?
എം.വി. ഗോവിന്ദൻ: തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നതിന് മറുപടി പറയണമെന്ന നിർബന്ധം ഉണ്ടാവേണ്ടതില്ല. പറയുന്ന പ്രശ്നമില്ല.
? രണ്ടാമത് ഒരു പുസ്തകം കൂടി വരുന്നുണ്ട്?
എം.വി. ഗോവിന്ദൻ: വരട്ടെ. രണ്ടാമത്തേതോ മൂന്നാമത്തെതോ വരട്ടേ.
? കഴിഞ്ഞ സർക്കാറിലെ സ്പീക്കറും മന്ത്രിമാരും ആയിരുന്നവർക്കെതിരെയാണ് ഗുരുതര ആരോപണം?
എം.വി. ഗോവിന്ദൻ: ആരോപണം ഗുരുതരമെന്ന് ഉന്നയിച്ച അവർ പറയുന്നതാണ്. അതിൽ ഞങ്ങൾ മറുപടി പറയേണ്ട കാര്യമില്ല.
? എൽദോസ് കുന്നപ്പിള്ളി വിഷയത്തിൽ കോൺഗ്രസിനുള്ള ധാർമികത സി.പി.എമ്മിനും ബാധകമല്ലേ?
എം.വി. ഗോവിന്ദൻ: ഇത് ആരെങ്കിലും ഉന്നയിച്ച പ്രശ്നമല്ല. ഒരു കാര്യം കൊല്ലങ്ങളായി പറയുകയാണ്. തുടർച്ചയായി കുറേകാര്യം പറയുന്നു. അതിന് മറുപടി പറയേണ്ട ബാധ്യത എൽ.ഡി.എഫിനോ സി.പി.എമ്മിനോ ഇല്ല.
? ഭരണം മാറുമ്പോൾ എങ്ങനെയാണ് കേസിന്റെ മെറിറ്റ് മാറുന്നത്. സമാന ആരോപണവും സാഹചര്യവുമല്ലേ സോളാർ കേസിലും ഉണ്ടായിരുന്നത്?
എം.വി. ഗോവിന്ദൻ: പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.
? സ്ത്രീകളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്? ഒഴിഞ്ഞുമാറുകയല്ലേ?
എം.വി. ഗോവിന്ദൻ: സ്ത്രീകളുമായി ബന്ധപ്പെട്ടവ കർശനമായി പരിശോധിക്കും. ഒഴിഞ്ഞുമാറുന്ന പ്രശ്നമില്ല. ഇങ്ങനെ തുടർക്കഥ അവതരിപ്പിക്കുന്നതിൽ രാഷ്ട്രീയമുണ്ട്. അതിൽ പ്രതിപക്ഷമുണ്ട്. മാധ്യമങ്ങളുമുണ്ടാവും. വസ്തുതപരമായ കാര്യങ്ങൾ വരുമ്പോൾ ആലോചിക്കാം. കേസ് സ്വർണക്കടത്തിന്റേതാണ്. അതിൽനിന്ന് തെന്നി മാറി സി.പി.എമ്മിനും നേതാക്കൾക്കുമെതിരെ അപവാദ പ്രചാരണവുമായി വരികയാണ്. അതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല.
? അടുത്തദിവസം വരെ എൽദോസിന്റെ കാര്യത്തിൽ സദാചാരവും ധാർമികതയുമല്ലേ പറഞ്ഞുകൊണ്ടിരുന്നത്?
എം.വി. ഗോവിന്ദൻ: സദാചാരത്തിന്റെയും ധാർമികതയുടെയും കാര്യത്തിൽ ഇപ്പോഴും വിട്ടുവീഴ്ചയില്ല. ഒരാൾ, അതും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പറഞ്ഞതിൽ ഒരുകാര്യവും ശരിയല്ലെന്ന് രാജ്യം മുഴുവൻ മനസ്സിലാക്കിയ വ്യക്തി തുടർച്ചയായി അവതരിപ്പിക്കുന്ന വ്യാജപ്രചാരണത്തോട് അപ്പപ്പോൾ പ്രതികരിക്കണമെന്നാണ് നിങ്ങൾ പറയുന്നത്. അതിനിപ്പോൾ തൽക്കാലം ഇല്ല. ഒരാൾ ഒരുകാര്യം പറഞ്ഞതിന്റെ പേരിൽ ധാർമികത ഇടിഞ്ഞുപൊളിഞ്ഞ് വീഴുമോ.
? ആരോപണത്തിനെതിരെ കേസ് കൊടുക്കുമോ?
എം.വി. ഗോവിന്ദൻ: പറയുന്നതിനെല്ലാം കേസ് കൊടുക്കാൻ പോയാൽ അതിനല്ലേ നേരമുണ്ടാവൂ. ധാർമികതയുടെ മുന്നിൽ വിട്ടുവീഴ്ച ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല. പക്ഷേ, ഇവർ പറയുന്നതാണ് ധാർമികതയെന്ന് അടിച്ചേൽപിക്കാൻ ശ്രമിക്കേണ്ടതില്ല.
? ആരോപണവിധേയർ പ്രതികരിക്കാൻ തയാറായിട്ടില്ല?
എം.വി. ഗോവിന്ദൻ: ന്യായമായതും പ്രതികരിക്കേണ്ടതും ആണെങ്കിൽ തീർച്ചയായും പ്രതികരിക്കും. സി.പി.എമ്മിന് പറയാനുള്ളത് പറയുകയും ചെയ്യും.
? ആരോപണം വരുമ്പോൾ മൂന്നുപേരോടും തിരക്കേണ്ടതല്ലേ?
എം.വി. ഗോവിന്ദൻ: തിരക്കാൻ പാർട്ടിക്ക് അന്നുമിന്നും ഒരു സംശയവുമില്ല.
? ഈ ആരോപണത്തിന് പിന്നിൽ?
എം.വി. ഗോവിന്ദൻ: നിങ്ങൾ കണ്ടുപിടിക്ക്. ഇവിടെ നിർത്തുകയാണ്.
കാനം: ആരോപണം വരുമ്പോൾ ഉന്നയിക്കുന്ന ആളിന്റെ ഇന്റഗ്രിറ്റി പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.