തിരുവനന്തപുരം: പണമില്ലെന്ന് പറഞ്ഞ് സർക്കാർ കൈമലർത്തിയതോടെ വനിത ശിശു വികസന വകുപ്പിന് കീഴിലെ ഷെൽട്ടർ ഹോമുകളിൽ ഇത്തവണ നിർഭയദിനാചരണവും ആഘോഷപരിപാടികളുമില്ല. പല ജില്ലകളിലും ഒരുക്കമെല്ലാം പൂർത്തിയായെങ്കിലും അവസാന നിമിഷമാണ് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സർക്കാർ ഒഴിഞ്ഞത്.
എല്ലാ വർഷവും ഡിസംബർ 29ന് ആണ് നിർഭയ ദിനാചരണം നടക്കുക. വാർഷികങ്ങൾപോലെ കലാപരിപാടികളും അതിഥികളും ആഘോഷങ്ങളുമെല്ലാമായി ഉത്സവാന്തരീക്ഷത്തിൽ നടന്നിരുന്ന ദിനാചരണത്തിനാണ് ഇത്തവണ കിരിനിഴൽ വീണത്. പോക്സോ അതിജീവിതരും നിസ്സഹായ ജീവിത സാഹചര്യങ്ങളിൽനിന്ന് അതിജീവനം തേടിയെത്തുന്നവരുമായ കുട്ടികളാണ് ഷെൽട്ടർ ഹോമുകളിലുള്ളത്.
ഓരോ ഷെൽട്ടർ ഹോമിനും 50,000 രൂപ വീതമാണ് നിർഭയ ദിനാചരണത്തിനായി സാധാരണ നൽകുക. ചെലവുകൾ പരമാവധി ചുരുക്കിയും കലാപരിപാടികൾക്കുള്ള വേഷങ്ങളടക്കം സ്വന്തം നിലയിൽ തയാറാക്കിയുമെല്ലാമാണ് ഹോമുകൾ പരിമിതികളിലും നിർഭയ ദിനം ഭംഗിയാക്കുന്നത്.
കലാപരിപാടികളുള്ളതിനാൽ മാസങ്ങൾ നീണ്ട തയാറെടുപ്പുകളാണ് കുട്ടികൾ ഇതിനായി നടത്തും. ഭിന്ന ശേഷിക്കാരായ കുട്ടികൾ കൂടിയുള്ളതിനാൽ വിശേഷിച്ചും. ഒന്നിലധികം ഹോമുകളുള്ള ജില്ലകൾ ഹോമുകൾ തമ്മിലുള്ള കലാമത്സരവും സംഗമവുമെല്ലാം സംഘടിപ്പിച്ചിരുന്നു.
ഇത്തവണ തലസ്ഥാന ജില്ലയിൽ കോട്ടൺഹിൽ സ്കൂളിലാണ് ഷെൽട്ടർ ഹോമുകളുടെ സംഗമം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഫണ്ട് അനുവദിക്കാഞ്ഞതോടെ ഇതു മാറ്റിവെച്ചു. മറ്റൊരു തീയതിയിൽ നടത്താൻ ആലോചിക്കുന്നതായി വിവരമുണ്ടെങ്കിലും അധികൃതർ സ്ഥിരീകരിക്കുന്നില്ല.
നിർഭയ സംരംഭങ്ങളിൽനിന്ന് സർക്കാർ ക്രമേണ പിൻവാങ്ങുന്നതായും ആക്ഷേപമുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എല്ലാ വർഷവും ഉന്നതതല സമിതി യോഗം ചേരണമെന്ന് നിർദേശമുണ്ടെങ്കിൽ ഇതു രണ്ടുവർഷമായി നടക്കുന്നില്ല.നിർഭയ ഹോമിലുള്ളവരെ പുനരധിവസിപ്പിക്കുക എന്ന പേരിൽ എത്രയുംവേഗം അത്രത്തോളം സുരക്ഷിതമല്ലാത്ത വീടുകളിലേക്ക് തിരികെ അയക്കാൻ ധിറുതി കാട്ടുന്നതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.