തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ അന്തർജില്ല യാത്രകൾ നടത്തുന്ന മാധ്യമപ്രവർത്തകർ പൊലീസ് പാസ് എടുക്കണമെന്ന നിർദേശം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
മാധ്യമപ്രവർത്തകർക്ക് സ്ഥാപനത്തിന്റെ ഐ.ഡി കാർഡ്, പ്രസ് അക്രഡിറ്റേഷൻ കാർഡ്, പ്രസ് ക്ലബ് ഐ.ഡി കാർഡ് എന്നിവ ഉപയോഗിച്ച് സംസ്ഥാനത്ത് യാത്ര ചെയ്യാമെന്ന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. മാധ്യമപ്രവർത്തകരുടെ യാത്രക്ക് പ്രത്യേക പാസ് ആവശ്യമില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.
ട്രിപ്പ്ൾ ലോക്ഡൗണിലുള്ള ജില്ലകളിലൂടെ കടന്ന് യാത്രചെയ്യുന്നതിന് മാധ്യമപ്രവർത്തകർക്ക് പൊലീസ് പാസ് എടുക്കണമെന്ന് കഴിഞ്ഞ ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ജില്ലകൾ കടന്ന് ദിവസവും ജോലിക്കെത്തുന്ന നിരവധി മാധ്യമപ്രവർത്തകർക്ക് ഇൗ നിർദേശം ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
അവശ്യസേവന വിഭാഗത്തിൽ പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്നിരിക്കേ മാധ്യമപ്രവർത്തകർക്ക് പൊലീസ് പാസ് നിഷ്കർഷിക്കുന്നത് ഖേദകരമാണെന്ന് ചൂണ്ടിക്കാട്ടി കേരള പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വ്യക്തത വരുത്തി പൊലീസ് മേധാവിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.