കണ്ണൂർ: പാർട്ടി സംസ്ഥാന സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയെന്ന വാർത്ത സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ നിഷേധിച്ചു. അതേസമയം, സ്വയം മഹത്വവത്കരിക്കുകയാണെന്ന് സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നുവെന്ന റിപ്പോർട്ട് അദ്ദേഹം നിഷേധിച്ചില്ല. വളർത്തി വലുതാക്കിയ പാർട്ടിക്ക് തന്നെ വിമർശിക്കാനുള്ള അധികാരമുണ്ടെന്ന് പി.ജയരാജൻ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി എന്ന വാർത്ത വസ്തുതാവിരുദ്ധമാണ്. സി.പി.എമ്മിൽ സാധാരണ പ്രവർത്തകർ മുതൽ ഉയർന്ന ഘടകങ്ങളിലെ സഖാക്കളടക്കം വിമർശനങ്ങൾക്ക് വിധേയരാണ്. ആ വിമർശനത്തിൽ ഉൾക്കൊള്ളേണ്ടത് ഉൾക്കൊണ്ട് പ്രവർത്തിക്കും. ബ്രാഞ്ച് തലം മുതൽ മുകളിലോട്ടുള്ള ഏത് പാർട്ടി ഘടകങ്ങളിലും വിമർശനം ഉണ്ടാകണം. പാർട്ടി പ്രവർത്തകൻ സ്വയം വിമർശനം നടത്തുകയും വേണം. വിമർശനമില്ലെങ്കിൽ പാർട്ടിയില്ല.
പാർട്ടികത്ത് ചർച്ച ചെയ്ത എല്ലാ വിവരങ്ങളും മാധ്യമങ്ങളുമായി പങ്കുവെക്കാനാകില്ല. കണ്ണൂർ ജില്ലയിലെ പാർട്ടി അഖിലേന്ത്യ ഘടകത്തിെൻറ ഭാഗമാണ്. വേറിട്ടൊരു നയമോ പരിപാടിയോ കണ്ണൂർ ഘടകത്തിനില്ല. പാർട്ടി തീരുമാനിച്ച കാര്യങ്ങളാണ് ഇവിടെയും നടപ്പാക്കുന്നത്. സ്വയം മഹത്വവത് കരിക്കുന്നുവെന്ന് ആക്ഷേപമുയർന്ന ആൽബത്തെക്കുറിച്ചുള്ള അഭിപ്രായം ഫേസ്ബുക്കിൽ പറഞ്ഞിട്ടുണ്ട്. ആൽബം തയാറാക്കിയത് താനുമായി ആലോചിച്ചിട്ടല്ലെന്നും ജയരാജൻ വ്യക്തമാക്കി.
പി. ജയരാജെൻറ ഫേസ്ബുക് പോസ്റ്റിൽനിന്ന്
ഈ പാട്ട് ഞാന്‍ കേട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലക്ക് എന്നെ പ്രകീര്‍ത്തിക്കുന്ന വരികളാണതില്‍. പുറച്ചേരി ഗ്രാമീണ കലാസമിതിയുടെ നാട്ടറിവ് പാട്ടുകള്‍ എത്രയോ വര്‍ഷമായി അവതരിപ്പിച്ചുവരാറുണ്ട്. അതിലെ കലാകാരന്മാര്‍ മാസങ്ങള്‍ക്കുമുമ്പ് ഈ ഗാനത്തിെൻറ അവതരണം നടത്തിയിട്ടുെണ്ടന്നാണ് മനസ്സിലായത്.
പാര്‍ട്ടി സമ്മേളനങ്ങളില്‍ നടക്കുന്നത് വിമര്‍ശനത്തെയും സ്വയം വിമര്‍ശനത്തെയും അടിസ്ഥാനപ്പെടുത്തി മൂന്ന് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ പരിശോധനയാണ്. പാര്‍ട്ടി നേതാക്കളെക്കുറിച്ചുള്ള ഏതെങ്കിലും പ്രസംഗങ്ങളിലേയോ മുദ്രാവാക്യങ്ങളിലേയോ ഗാനങ്ങളിലേയോ വിശേഷണങ്ങളല്ല പാര്‍ട്ടിയെ സ്വാധീനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.