മലപ്പുറം: സുന്നി ആശയങ്ങൾക്കെതിരെ ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും തനിക്കെതിരെയുണ്ടായ നടപടി വേദനാജനകമാണെന്നും സമസ്തയിൽ നിന്ന് പുറത്താക്കപ്പെട്ട അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി. തന്‍റെ വിശദീകരണം കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സുന്നി ആദർശത്തിൽ അടിയുറച്ച് നിൽക്കുന്നയാളാണ് ഞാൻ. ഇപ്പോൾ ആരോപിക്കുന്ന കുറ്റമെന്തെന്ന് എനിക്ക് ഇതുവരെയും മനസിലായിട്ടില്ല. 25 കൊല്ലമായി സമസ്തയുടെ പാതയിലാണ്. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പറയുന്നതെന്ന് ഒട്ടും അറിയില്ല. ആരോപണവിധേയനെ ഒരുവട്ടമെങ്കിലും കേൾക്കുകയെന്നത് പട്ടാളക്കോടതിയിൽ പോലും നടപ്പുള്ളതാണ്.
സമസ്തയും സി.ഐ.സിയും തമ്മിലുള്ള തർക്കം ഇവിടെ വരുന്നില്ല. സമസ്തക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് പറയുന്നത്. സി.ഐ.സി കൂട്ടുത്തരവാദിത്തത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഇപ്പോൾ പറയുന്നത് ആശയാദർശത്തെ പറ്റിയാണ്. സമസ്ത എനിക്കെതിരെ ഒരു നടപടിയെടുത്താലും ഞാൻ സുന്നിയാണ്, സമസ്തയാണ്. അവസരം ഉണ്ടെങ്കിൽ ഇനിയും പ്രവർത്തിക്കും -അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി പറഞ്ഞു.
കോഴിക്കോട്ട് ഇന്ന് ചേർന്ന സമസ്ത മുശാവറയാണ് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എല്ലാ ഘടകങ്ങളിൽ നിന്നും അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കാൻ തീരുമാനിച്ചത്. സുന്നി ആശയങ്ങൾക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്നും സമസ്ത മുശാവറ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സമസ്ത മലപ്പുറം ജില്ല കമ്മിറ്റി അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.