കൊച്ചി: എല്ലാ ട്രാൻസ്പോർട്ട് വാഹനങ്ങളിലും വേഗപ്പൂട്ട് (വേഗ മാനകം) സ്ഥാപിക്കാനുള്ള നിർദേശം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതായി ആരോപിക്കുന്ന ഹരജിയിൽ ഹൈകോടതി നോട്ടീസ്. സമയപരിധി കഴിഞ്ഞ് കാലമേറെയായിട്ടും നടപ്പാക്കാൻ ബാധ്യസ്ഥരായ അധികൃതർ നടപടിക്ക് മുതിരുന്നില്ലെന്നും കോടതി ഇടപെടലുണ്ടാവണമെന്നുമാവശ്യപ്പെട്ട് റോഡ് ആക്സിഡൻറ് ഫോറം ഉപദേശക സമിതിയംഗം എറണാകുളം വെങ്ങോല സ്വദേശി ജാഫർ ഖാൻ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നോട്ടീസ് ഉത്തരവായത്.
2012 ഡിസംബർ 31ലെ വിജഞാപനത്തിൽ പറയുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 2014 ഏപ്രിൽ ഒന്ന് മുതൽ സ്പീഡ് ഗവർണർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. 2016 നവംബർ ഒന്നിനകം ഇത് നടപ്പാക്കാൻ സംസ്ഥാന സർക്കാറും നിർദേശിച്ചു.
എന്നാൽ, ഇത് ശരിയായ രീതിയിൽ നടപ്പാക്കിയിട്ടില്ല. ആവശ്യമായ മാർഗനിർദേശം പോലും പുറപ്പെടുവിച്ചില്ല. വാഹനത്തിൽ വേഗപ്പൂട്ട് സ്ഥാപിച്ച് രേഖ സൂക്ഷിക്കണമെന്നതടക്കം കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ ബാധ്യതയുണ്ടെങ്കിലും പദ്ധതിക്കും അതിെൻറ ലക്ഷ്യത്തിനും എതിരായ നടപടിയാണ് സംസ്ഥാന സർക്കാറിൽനിന്നുണ്ടാകുന്നതെന്നാണ് ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.