പാലക്കാട്: വില നിയന്ത്രണത്തെക്കുറിച്ചും വില നിയന്ത്രണത്തിലുള്ള മരുന്നുകളെക്കുറി ച്ചും മെഡിക്കൽ ഉപകരണങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കാൻ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) കാമ്പയിൻ സംഘടിപ്പിക്കുന്നു. വിവിധ മാധ്യമങ്ങളിലൂടെ അതോറിറ്റിയുടെ പ്രവർത്തനത്തെക്കുറിച്ച് രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും അവബോധം നൽകും. ഫാർമസിസ്റ്റുകൾ, ആശുപത്രികൾ, ഫാർമസി സ്ഥാപനങ്ങൾ, ഉപഭോക്തൃ അസോസിയേഷനുകൾ, എൻ.ജി.ഒകൾ എന്നിവിടങ്ങളിലേക്കും പ്രൈസിങ് അതോറിറ്റിയുടെ സന്ദേശമെത്തിക്കും. 2013ലെ മരുന്നുവില നിയന്ത്രണ ഓർഡറിന് കീഴിലുള്ള, ഷെഡ്യൂൾ ചെയ്ത മരുന്നുകളുടെ വില നിശ്ചയിക്കുന്നത് അതോറിറ്റിയാണ്.
വില നിരീക്ഷിക്കുന്നതും അവ നടപ്പാക്കുന്നതും അതോറിറ്റിക്ക് കീഴിലാണ്. ജീവൻരക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കാൻ എൻ.പി.പി.എ കഴിഞ്ഞ നാലുവർഷത്തിനിെട നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് ജനങ്ങളിലേക്ക് വേണ്ടവിധം വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് വിലയിരുത്തൽ. ബോധവത്കരണത്തിലൂടെ ചൂഷണം കുറക്കാമെന്നാണ് എൻ.പി.പി.എ കരുതുന്നത്. ബോധവത്കരണത്തിന് ഷോർട്ട് ഫിലിമുകൾ, ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കും. ഇലക്ട്രോണിക് മാധ്യമങ്ങളിലും പത്രങ്ങളിലും പരസ്യം നൽകും. ഇതോടൊപ്പം വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളിൽ കമ്പനികൾ ക്രമക്കേട് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനതലത്തിൽ നിരീക്ഷണ സമിതി രൂപവത്കരിക്കാനും എൻ.പി.പി.എ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ കേരളത്തിൽ ഇത് നിലവിൽവരും.
സഹകരണ സംഘം മാതൃകയിൽ ൈപ്രസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂനിറ്റ്സ് (പി.എം.ആർ.യു) എന്ന പേരിൽ രൂപവത്കരിക്കുന്ന സമിതി പൊതുജനങ്ങളുടെയും രോഗികളുടെയും പരാതി പരിഗണിക്കുകയും വില നിയന്ത്രണം നടപ്പാക്കാൻ ഇടപെടുകയും ചെയ്യും. ആരോഗ്യ സെക്രട്ടറി, കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ എം.ഡി, സംസ്ഥാന ഡ്രഗ് കൺട്രോളർ തുടങ്ങിയവരാണ് സൊസൈറ്റി അംഗങ്ങൾ. അഞ്ചുവർഷമാണ് സമിതി കാലാവധി. അർബുദ മരുന്നുകളടക്കം 348 അവശ്യ മരുന്നുകളാണ് വില നിയന്ത്രണ സംവിധാനത്തിെൻറ പരിധിയില്‍ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.