കൊല്ലം: പേഴ്സണൽ സ്റ്റാഫ് അംഗം പ്രദീപ് കോട്ടത്തലയെ തന്‍റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതിൽ ഇടതു മുന്നണിയോട് അതൃപ്തി അറിയിച്ച് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. ചൊവ്വാഴ്ച പുലർച്ചെയാണ് ഗണേഷ് കുമാറിന്‍റെ പത്തനാപുരത്തെ വീട്ടിൽ നിന്നും പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രദീപ് കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെ പൊലീസ് അറസ്റ്റിനുള്ള നീക്കം ആരംഭിച്ചിരുന്നു. അറസ്റ്റിനു സഹായം തേടി തിങ്കളാഴ്ച രാത്രി 10ന് പത്തനാപുരം ഇൻസ്പെക്ടർക്ക് ബേക്കൽ പൊലീസിന്‍റെ സന്ദേശം എത്തി. അറസ്റ്റിനായി നിയോഗിച്ച പ്രത്യേകസംഘം അര്‍ധരാത്രി ഒരുമണിയോടെ കൊല്ലത്തെത്തി. പുലർച്ചെ അഞ്ചിന് എം.എൽ.എയുടെ വീട് പൊലീസ് വളഞ്ഞു. അന്വേഷണ സംഘത്തിലൊരാൾ വാതിലിൽ മുട്ടി. ഏറെ നേരത്തിനു ശേഷമാണ് വാതിൽ തുറന്നത്. തുടർന്ന് പൊലീസ് പ്രദീപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതിയിൽ സമർപ്പിക്കാനിരിക്കെ ആയിരുന്നു പൊലീസിന്‍റെ അപ്രതീക്ഷിത നീക്കം. ഗണേഷ്കുമാറിന്‍റെ ഏറ്റവും വിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് പ്രദീപ്കുമാർ. പൊലീസിന്‍റെ നീക്കം ഗണേഷ്കുമാർ അറിഞ്ഞില്ല. നടൻ ദിലീപിന്‍റെ വക്കീൽ ഗുമസ്തൻ എന്ന പേരിലാണ് ഇയാൾ മാപ്പുസാക്ഷി വിപിൻലാലിന്‍റെ കുടുംബാംഗങ്ങളെ കണ്ടത്. ദിലീപ് ജയിലിലായിരുന്നപ്പോള്‍ ആലുവ സബ് ജയിലില്‍ ഗണേഷ് കുമാര്‍ എം.എൽ.എക്കൊപ്പം പ്രദീപ് സന്ദര്‍ശിക്കാനെത്തിയിരുന്നു.
കേസില്‍ പ്രദീപ് കോട്ടത്തലക്കെതിരെയുള്ളത് ഗുരുതര കണ്ടെത്തലുകളാണ്. ജനുവരിയില്‍ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസ് അട്ടിമറിക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ ശേഷിയുള്ളവരാണ് പ്രതികളെന്ന് അന്വേഷണസംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാക്ഷിയെ സ്വാധീനിക്കാൻ കാസർകോട് എത്തിയ ദിവസം മാത്രം പ്രദീപ് 25,000 രൂപയിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ട്. പ്രദീപിന് സാക്ഷിയെ സ്വാധീനിക്കേണ്ട ആവശ്യമില്ലെന്നും പിന്നില്‍ വന്‍സംഘമുണ്ടെന്നും അവരെ കണ്ടെത്തണമെന്നുമാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.