മട്ടാഞ്ചേരി: ഒാഖി ചുഴലിക്കാറ്റിനെത്തുടർന്ന് ലക്ഷദ്വീപിൽ അഭയം പ്രാപിച്ച 50 മത്സ്യത്തൊഴിലാളികളെ കൊച്ചിയിൽ എത്തിച്ചു. എം.വി കവരത്തി എന്ന യാത്ര കപ്പലിലാണ് ഇവരെ തുറമുഖത്തെ എറണാകുളം വാർഫിൽ എത്തിച്ചത്. ഇവരിൽ രണ്ട് മലയാളികളും രണ്ട് അസം സ്വദേശികളും ഒരു കർണാടക സ്വദേശിയും ബാക്കി തമിഴ്നാട്ടുകാരുമാണ്. എല്ലാവരും നാട്ടിലേക്ക് മടങ്ങി.
അതിനിടെ, ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായ ഏഴ് ബോട്ടുകളെ കുറിച്ച് വിവരം ലഭിച്ചു. ലക്ഷദ്വീപ്, കർണാടകയിലെ കാർവാർ, വലപ്പ എന്നിവിടങ്ങളിൽ ഇവ എത്തിയതായാണ് കൊച്ചിയിലെ കച്ചവടക്കാർക്ക് വിവരം ലഭിച്ചത്. 23 ബോട്ടുകൾ മഞ്ഞപ്പ, രത്നഗിരി എന്നിവിടങ്ങളിൽ 300ഓളം നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും സൂചനയുണ്ട്.
ലക്ഷദ്വീപിൽ അകപ്പെട്ട പത്ത് ബോട്ടും 120 തൊഴിലാളികളുമായി നാവികസേനയുടെ കപ്പൽ കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെ തോപ്പുംപടി ഹാർബറിൽ ഇവരെ എത്തിക്കും. 12 തൊഴിലാളികളുമായി ലക്ഷദ്വീപിൽ അകപ്പെട്ട ‘പെരിയ നായകി’ എന്ന ബോട്ട് ശനിയാഴ്ച രാത്രി എേട്ടാടെ കൊച്ചിയിലെത്തി. ബോട്ട് നാവികസേനയാണ് രക്ഷപ്പെടുത്തി ലക്ഷദ്വീപിൽ എത്തിച്ചത്. നാല് തൊഴിലാളികൾക്ക് ഗുരുതര പരിക്കുണ്ട്.
തമിഴ്നാട് സ്വദേശികളായ ജോൺ ബോസ്കോ (55) തേദവൂസ് (33), തോമസ് (32), ആദിത്യൻ (20), രൂപൻ (17), രവികുമാർ (25), മണികണ്ഠൻ (21), ശങ്കർ (21), വീരമണി (20), സതീഷ് (19), രാമലിംഗം (34) സിൻഡ്രജാ (24) എന്നിവരാണ് ഇൗ ബോട്ടിൽ കൊച്ചിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.