ഒാണം എന്നാൽ ഞങ്ങൾക്ക് ചാലിശ്ശേരിയായിരുന്നു. മൂന്ന് ജില്ലക്കിടയിൽ അതിർത്തി പകുക്കുന്ന പാലക്കാടൻ ഗ്രാമം. ഞങ്ങളുടെ കുട്ടിക്കാലത്ത് ചാലിശ്ശേരിയിൽ എല്ലാവർക്കും ഒാണമാണ്. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒന്നുചേർന്ന് ആഘോഷിക്കുന്ന ഉത്സവം. അതും 10 ദിവസം നീണ്ടുനിൽക്കുന്ന വെജിറ്റേറിയൻ ഭക്ഷണം മാത്രം. മീനും ഇറച്ചിയുമൊന്നും വാങ്ങില്ല.
എെൻറ അമ്മാവൻ പുത്തൂർ ചെറിയാൻ എന്ന ചേറുകുട്ടി ചാലിശ്ശേരിയിലെ ഒരു ഇടത്തരം ഫ്യൂഡൽ പ്രമാണിയായിരുന്നു. ഒാണക്കാലത്ത് വീട്ടിൽ അമ്മാവൻ വലിയ നേന്ത്രക്കുലകൾ കൊണ്ടുവന്ന് തൂക്കും. കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും അതിൽനിന്ന് പഴങ്ങൾ ഉരിഞ്ഞ് തിന്നാം. കായ വറുത്തതും വറുത്തുപ്പേരിയും ശർക്കര വരട്ടിയും കോഴിക്കോട് നിന്നും ഓണം കൂടാൻ വരുന്ന ഞങ്ങളുടെ അച്ചൻ കൊണ്ടുവരും. ബന്ധു വീട്ടുകാർക്കും അതിന്റെ ഓഹരി എത്തിക്കും.
പാവങ്ങളായ കുടിയാന്മാർ ഒാണക്കാലത്ത് പല പച്ചക്കറികളും കൊണ്ടുവരും. പകരം അവർക്ക് ഒാണസദ്യയും മുണ്ടും നൽകും.
കോഴിക്കോട് വന്നപ്പോൾ േപ്രംചന്ദിനെപ്പോലുള്ള കൂട്ടുകാരെ കിട്ടി. ഒാണത്തിന് അവർ വീട്ടിലേക്ക് ക്ഷണിക്കും. അപ്പോൾ ഞാനവരോട് ചോദിച്ചിട്ടുണ്ട്, എന്തിനാണ് ഞാൻ നിങ്ങളുടെ വീടുകളിൽ വരുന്നത്, ഞങ്ങളുടെ വീട്ടിലും ഒാണമുണ്ടല്ലോ..
എല്ലാ വിഭവങ്ങളും നിറഞ്ഞ ഒാണസദ്യയൊരുക്കി അമ്മ ഞങ്ങളെ ഒാണമാഘോഷിപ്പിച്ചു. ചാലിശ്ശേരിയിൽനിന്ന് തുടങ്ങിയ അമ്മയുടെ ശീലം. എെൻറയും അനിയൻറെയും കൂട്ടുകാർ പലരും ഒാണത്തിനു ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. ആ പതിവ് എൻറെ ഭാര്യയും തുടർന്നു. ഞാനും കുടുംബവും ദുബായിലായിരുന്ന കാലത്തും ആ പതിവ് തെറ്റിച്ചില്ല. സദ്യയൊരുക്കാൻ ഞാനും മക്കളൂം സഹായിക്കും. അയൽക്കാരായ ബംഗാളിയെയും ഗോവക്കാരനെയും വിളിച്ച് അവർക്കൊപ്പം ഞങ്ങൾ ഒാണസദ്യയുണ്ടു. മൂക്കറ്റം ചെലുത്തി പായിൽനിന്നും എഴുന്നേൽക്കാൻ വിഷമിച്ച ഗോവക്കാരൻ ലാൻസിയുടെ അവസ്‌ഥ ഓർത്ത് ഞങ്ങൾ ഇപ്പോഴും ചിരിക്കും.
ചാലിേശ്ശരിയിലെ ഓണാഘോഷം കോഴിക്കോട് കണ്ടപ്പോൾ അത്ഭുതമായിരുന്നു. കോഴിക്കോട്ടുകാരുടെ സദ്യയിൽ മീനും ഇറച്ചിയും ഇടംപിടിച്ചു. ഒരു ഒാണത്തിന് ഞാനും സുഹൃത്ത് പ്രേംചന്ദും കൂടി മീൻ വാങ്ങാൻ മാർക്കറ്റിൽ പോയി. സാഹിത്യത്തിലും സിനിമയിലും പറഞ്ഞു കേട്ട അറിവേ കരിമീനിനെക്കുറിച്ച് ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ. മീൻ കച്ചവടക്കരൻ നല്ല കരിമീൻ തന്ന സന്തോഷത്തിൽ ഞങ്ങൾ വീട്ടിലെത്തി. കറിവെച്ചും െപാരിച്ചും തിന്നാമല്ലോ എന്നു കരുതി വാങ്ങിയതാണ്. പക്ഷേ, വീട്ടിലെത്തിയപ്പോഴാണ് അറിയുന്നത് അത് കരിമീനല്ല, കരിമീൻ പോലെ തോന്നിക്കുന്ന വ്യാജൻ പിലോപ്പിയാണെന്ന്. രുചി യില്ലാത്ത ആ വ്യാജനെ കറിവെച്ച് പ്രേംചന്തിൻറെ അച്ഛൻ അത് മുഴുവൻ ഞങ്ങളെക്കൊണ്ടു തീറ്റിച്ച ഒരു ഓണവും ഓർമ്മയിലുണ്ട്.
സദ്യയുടെ അവസാന ഭാഗമാണൂ ഹരം -രണ്ടോ മൂന്നോ തരം പായസം. ഇലയിൽ അതു വിളമ്പി കഴിഞ്ഞ് അതിനെക്കാൾ ഗംഭീരമായ ഒരു കൂട്ട് (ഡെസേർട്ട് ) അച്ഛനറിയാമായിരുന്നു. സദ്യ കഴിച്ച ഇലയിൽ നന്നായി പഴുത്ത പുഴുങ്ങിയ നേന്ത്രപ്പഴവും പപ്പടവും നെയ്യും അൽപ്പം പഞ്ചസാരയുംകൂട്ടി ഒരു പിടി പിടിക്കും. അതുരുട്ടി ആനയുടെ വായിൽ ചോറുരുള വെക്കുന്ന പോലെ ഞങ്ങളുടെ വായിൽ വെച്ചുതരും. ഒാണസദ്യയെ അതിഗംഭീരമാക്കുന്നത് അച്ഛെൻറ ആ കൂട്ടായിരുന്നു. ഞങ്ങൾ അതിനായി വാ പൊളിച്ചിരിക്കുമായിരുന്നു.
ഇന്നും ഒാണത്തിന് മറക്കാതെ ആ കൂട്ട് ഞങ്ങളുടെ ഇലയിൽ നിറയുന്നുണ്ട്. അച്ഛനെപ്പോലെ ഞാനതുരുട്ടി എെൻറ മക്കളുടെ വായിൽ വെച്ചുകൊടുക്കുന്നു.
അമ്മയുടെ നിർദ്ദേശങ്ങളോടെ ചിത്രകാരിയായിരുന്ന ചെച്ചിയാണു പൂക്കളത്തിന്റെ പ്രധാന ശിൽപി. ഞാനും അനിയന്മാരും പൂവട്ടികളുമായി പൂ പറിക്കാൻ അയൽ വീടുകളിലെ പറമ്പുകൾ കയറിയിറങ്ങുമായിരുന്നു.
അയൽ വീട്ടിലെ നാണുവേട്ടൻറെ മക്കൾ ജയരാജനും ദേവനും ഊക്കൻ പ്ലാവിന്മേൽ കെട്ടിയ ഊഞ്ഞാലിൽ ആടി പേടിച്ച് നിലവിളിക്കുന്നതും (വലിയ ഉയരങ്ങളിക്ക് ഊഞ്ഞാൽ തള്ളിവിടുകയും ഊഞ്ഞാലിൽ ഇരിക്കുന്നവർ ഭയന്നു നിലവിളിക്കുകയും ചെയ്യുന്നതിനെ ‘കോയീനെ പറപ്പിക്കുക’ എന്നാണു
പറയുക)ഒാർമവെച്ച നാൾ മുതൽ തുടരുന്ന പൂക്കളമിടലിനു ഇന്നു ഞങ്ങളുടെ വീട്ടിന്റെ കാവലാൾ ഗീതയാണു നേതൃത്വം കൊടുക്കുന്നത്, സഹായിക്കാൻ എൻറെ ഭാര്യയും മക്കളും റെഡി.
ഒരു ഒാണക്കാലത്ത് ഞാൻ ബോംബെയിലായിരുന്നു. വീട്ടിൽ അമ്മ സദ്യയുണ്ടാക്കി ഒാണമൊരുക്കുേമ്പാൾ ഞാൻ ആ വൻനഗരത്തിെൻറ തെരുവിലൂടെ എരിയുന്ന വയറുമായി അലയുകയായിരുന്നു. പുറപ്പെട്ടുപോയ മകനെയോർത്ത് അമ്മ അന്ന് വിങ്ങിക്കരഞ്ഞിരിക്കണം. പഴയ ഒാർമകളുടെ അറ്റത്ത് എനിക്കും അമ്മ ഒരില വിരിച്ചിരിക്കണം. ഉപ്പേരിയും അച്ചാറും വിളമ്പാൻ തുടങ്ങിയ അമ്മ ഞാനില്ലെന്ന ശൂന്യതയിൽ ഒരു തുള്ളി കണ്ണീരുപ്പ് വിളമ്പിയിരിക്കണം. വൈകുന്നേരം കിട്ടിയ രണ്ട് ഉണക്ക ചപ്പാത്തിയിലായിരുന്നു അന്നത്തെ എെൻറ ഒാണാഘോഷം.
ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ പത്തോ ഇരുപതോ ഒാണം എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഓർമ്മയിലുള്ള മറ്റൊരോണം മഞ്ചേരി സബ് ജയിലിലായിരുന്നു.- വിദ്യാർത്ഥി സമരത്തിൽ പെങ്കടുത്ത് ജയിലിൽ ആയിരുന്നു ഞാൻ. ചോറിനോടൊപ്പം ഒരു പായസം കിട്ടി. - എെൻറ ഏകാന്തമായ അലച്ചിലുകളിൽ എനിക്കു നഷട്മായവയിൽ അങ്ങനെ കുറേ ഒാണങ്ങളുമുണ്ടായിരുന്നു. ആ ഒാണക്കാലങ്ങളിലെല്ലാം എെൻറ അമ്മയുടെ കണ്ണിലെ നനവ് ഞാൻ തന്നെയായിരുന്നു.
അടുത്തിടെയായി ഒാണാേഘാഷങ്ങൾ സിനിമ സെറ്റുകളിലായിട്ടുണ്ട്. കഴിഞ്ഞതവണ മമ്മൂക്കയുമായി സിനിമ സെറ്റിൽ ഒാണമാഘോഷിച്ചു. കഴിയുന്നതും ഒാണത്തിന് വീട്ടിലേക്ക് പാഞ്ഞെത്താറുണ്ട്.
ഇലയിൽ നിറയുന്ന വിഭവങ്ങൾ മാത്രമാണ് സത്യത്തിൽ ഇപ്പോൾ നമ്മുടെ ഒാണം. ഒരില നിറയെ അതുവരെ കിട്ടാത്ത വിഭവങ്ങളുടെ ഇൗ സദ്യ വാസ്തവത്തിൽ ആർക്കുവേണ്ടിയായിരുന്നു എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. അപ്പോഴാണ് അതിെൻറ ഗുട്ടൻസ് പിടികിട്ടുക.
കുമ്പിളിൽ കഞ്ഞി കുടിച്ച് കാലം കഴിച്ചിരുന്ന കോരനെ, ഒരുനേരത്തെ കഞ്ഞി കുടിച്ച് ജീവിതം തള്ളിനീക്കുന്ന അടിയാന്മാരെ പാട്ടിലാക്കാനും എന്നും അവരെ ആശ്രിതരാക്കി നിലനിർത്താനുമാണ് ഇൗ വിഭവസമൃദ്ധമായ ഇൗ ‘സദ്യപ്പരിപാടി’ ആരംഭിച്ചതെന്നാണ് എെൻറ പക്ഷം. ഒാണദിവസം അതുവരെ കാണാത്ത വിഭവങ്ങളൊരുക്കി അടിയാന്മാരെ സന്തോഷിപ്പിച്ച് പാട്ടിലാക്കാൻ തമ്പ്രാന്മാർ കണ്ടുപിടിച്ച ഒരേർപ്പാടാണ് ഇൗ സദ്യ.
അന്നൊരു ദിവസം മാത്രമാണ് അവർ ചോറു തിന്നുന്നത്. അതും അത്രയേറെ വിഭവങ്ങളും ചേർത്തു. അതുവരെ കഞ്ഞി മാത്രം കുടിച്ചിരുന്നവർ അന്നത്തെ സദ്യയുണ്ട് ഏമ്പക്കം വിടും. ഒരു മുണ്ടു കൂടി കിട്ടിയാൽ അവർ സന്തോഷവാന്മാരായി. യാതൊരു എതിർപ്പുമില്ലാതെ തമ്പ്രാെൻറ അടിമയായി തുടരുകയും ചെയ്യും.
ചാലിശ്ശേരിയിലെ പുത്തൂർ മരാമത്ത് തറവാടിന്റെ അടുക്കള മുറ്റത്തിരുന്ന് വാഴയിലയിൽനിന്ന് അവർ ആർത്തിയോടെ ചോറുവാരി തിന്നുന്നത് ഞാൻ കണ്ടിട്ടുണ്ട്. പഴങ്കഞ്ഞി മാത്രം കുടിച്ച് പറമ്പിലേക്ക് പണിക്കുപോകുന്ന അവർക്ക് സാമ്പാറും കാളനും ഒാലനും അവിയലും പരിപ്പും പായസവുമൊന്നും വർഷത്തിൽ ഒരിക്കൽ ഒാണദിവസമല്ലാതെ പ്രാപ്യമായിരുന്നില്ല. എന്നും സദ്യയുണ്ണുന്ന തമ്പ്രാന് അതിൽ ഒരു പുതുമയുണ്ടാവില്ല.
പത്തിരുപത് ഇനം വിഭവം കൂട്ടി സദ്യ തരുന്ന തമ്പ്രാന് നേരെ പിന്നെ അവെൻറ കൈ െപാങ്ങില്ല. അതാണ് സദ്യയുടെ മനശാസ്ത്രം. അത് പിന്നീട് നമ്മുടെ ആഘോഷമായി മാറിയെന്നു മാത്രം. നമ്മുടെ പാരമ്പര്യങ്ങൾ എന്നവകാശപ്പെടുന്ന എല്ലാ ഉത്സവങ്ങളുടെ പിന്നിലുമുണ്ട് ഇത്തരം ജന്മി ^കുടിയാൻ ബന്ധത്തിെൻറ രാഷ്ട്രീയ മാനങ്ങൾ.
89ാം വയസ്സിലും അമ്മയ്ക്ക് ഒാണക്കാലത്ത് സദ്യയൊരുക്കണമെന്ന് നിർബന്ധമുണ്ട്. ഇടയ്ക്ക് ഞങ്ങൾ പലയിടത്തായി ചിതറിപ്പോയ കാലത്ത് ഒാണം ഹോട്ടലിൽനിന്ന് ഉണ്ണേണ്ടിവന്നപ്പോൾ അമ്മക്കത് സഹിക്കാൻ കഴിയുമായിരുന്നില്ല.
അമ്മയിപ്പോൾ അനിയെൻറ കൂടെ മലാപ്പറമ്പിലാണ്. ഒാണമാകുേമ്പാൾ ഞങ്ങൾ അഞ്ചു മക്കൾ അവരവരുടെ വീടുകളിൽ നിന്നും നേരത്തെ തീരുമാനിച്ച വിഭവങ്ങൾ ഓരൊരുത്തരും ഉണ്ടാക്കി അമ്മയുടെ അരികിലെത്തും. എല്ലാവരുംകൂടി ഒാണമാഘോഷിക്കുന്നു. അമ്മ എവിടെയുണ്ടോ അവിടെയാണ് ഒാണം.
ദുബായിലായാലും ബോംബെയിലായാലും ഒാണത്തിന് അമ്മയുടെ കൂടെ വന്ന് ചോറുണ്ണാൻ പറ്റിയില്ലെങ്കിൽ വലിയ സങ്കടമാണ്. അമ്മ എവിടെയാണോ അവിടെയാണ് എനിക്ക് ഓണം.
അമ്മമാരാണു നമ്മുടെ ജീവിതത്തിെൻറ സർവ രുചികളുടേയും കേന്ദ്രം. - ഇന്നു വരെ വേർത്തിരിച്ചെടുക്കാനാവാത്ത മുലപ്പാലിെൻറ രുചിയോളം വരുമോ ഏറ്റവും മുന്തിയ ഓണസദ്യ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.