കാസര്‍കോട്: പഴയ ചൂരിയിലെ മദ്റസാധ്യാപകന് റിയാസ് മൗലവിയുടെ വധത്തിന് ഒരുവർഷം തികയുന്നു. കേസിൽ വിചാരണ തുടങ്ങിയെങ്കിലും പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹരജിയിൽ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്.
മാർച്ച് 20ന് പുലർച്ചയാണ് പഴയ ചൂരിയിലെ മദ്റസാധ്യാപകന് കുടക് സ്വദേശി മുഹമ്മദ് റിയാസിനെ പള്ളിക്കകത്തുെവച്ച് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ആർ.എസ്.എസ് പ്രവർത്തകരായ അജേഷ് എന്ന അപ്പു, നിതിൻ, കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് പ്രതികൾ. പള്ളിയോടടുത്ത മുറിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തി വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിലുണ്ടെങ്കിലും പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ല. കേസിൽ ഗൂഢാലോചനയുണ്ടെന്ന വാദം പൊലീസ് മുഖവിലക്കെടുത്തില്ല. മദ്യലഹരിയിലുണ്ടായ കൊലപാതകമെന്നാണ് പൊലീസ് വാദം. എട്ടു മാസംമുമ്പാണ് കേസിെൻറ കുറ്റപത്രം സമർപ്പിച്ചത്.
പള്ളിയോട് അനുബന്ധിച്ചുള്ള രണ്ട് മുറിയില്‍ ഒരു മുറിയിലാണ് റിയാസ് മൗലവി കിടന്നിരുന്നത്. മൗലവിയുടെ മുറിയിലേക്ക് ഇടിച്ചുകയറിച്ചെന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ജില്ല സെഷന്‍സ് കോടതി തള്ളിയിരുന്നു. ഈ മാസം അഞ്ചിന് തുടങ്ങാനിരുന്ന വിചാരണ ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് മൗലവിയുടെ ഭാര്യ ഹൈകോടതിയില്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.
യു.എ.പി.എ ചേർക്കേണ്ട സംഭവമാണ് ചൂരിയിൽ നടന്നതെന്ന് അഡ്വ. സി. ഷുക്കൂർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഖത്തീബാണ് സംഭവത്തിലെ പ്രധാന സാക്ഷി. ഐ.പി.സി 302 (കൊലപാതകം), 153A (മതസൗഹാര്‍ദം തകര്‍ക്കാന്‍ വര്‍ഗീയ കലാപമുണ്ടാക്കല്‍), 295 (കുറ്റകൃത്യം ചെയ്യാനുദ്ദേശിച്ച് മതസ്ഥാപനങ്ങളിലേക്ക് അതിക്രമിച്ചുകടക്കല്‍), 34 (അക്രമിക്കാന്‍ സംഘടിക്കല്‍), 201 (തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവെക്കല്‍) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.