ജയലക്ഷ്മിക്കെതിരായ ആരോപണം തെറ്റെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗങ്ങളുടെ വായ്പ എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജയലക്ഷ്മിയുടെ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഒരാനുകൂല്യവും ലഭിച്ചിട്ടില്ല. ഇരുന്നൂറിലേറെ അംഗങ്ങളുള്ള കുടുംബമാണ് ജയലക്ഷ്മിയുടേത്. പദ്ധതിക്കായി 12,166 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തപ്പോള്‍ ആറുപേര്‍ മാത്രമാണ് ജയലക്ഷ്മിയുടെ കുടുംബത്തില്‍നിന്ന് ഉള്‍പ്പെട്ടത്. വസ്തുത ഇതായിരിക്കെ കുടുംബാംഗങ്ങളുടെ വായ്പ എഴുതിത്തള്ളാന്‍ ജയലക്ഷ്മി രണ്ട് കോടി രൂപ അനുവദിച്ചെന്ന പ്രചാരണം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പണം അനുവദിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചെങ്കില്‍ അക്കാര്യം അന്വേഷിക്കണം. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ലക്ഷം രൂപവരെയുള്ള കടം എഴുതിത്തള്ളുമെന്ന് 2014-15 ബജറ്റിലാണ് പ്രഖ്യാപിച്ചത്. വ്യക്തമായ മാനദണ്ഡങ്ങളോടെയാണ് ഗുണഭോക്താക്കളെ നിശ്ചയിച്ചത്. അര്‍ഹതയുണ്ടെന്ന് കണ്ടത്തെിയ 12,166 പേര്‍ക്കായി 39. 52കോടിയാണ് അനുവദിച്ചത്. യു.ഡി.എഫ് ഭരണകാലത്ത് 806 ഗുണഭോക്താക്കള്‍ക്ക് തുക കൈമാറി. ഇടത് സര്‍ക്കാര്‍ 2005 പേരുടെ വായ്പയാണ് എഴുതിത്തള്ളിയത്. പരമാവധി ലക്ഷം രൂപയാണ് ആനുകൂല്യം ലഭിക്കുന്നത്. അതിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചെങ്കില്‍ മന്ത്രി എ.കെ. ബാലനും വാര്‍ത്ത പ്രസിദ്ധീകരിച്ചവരും വ്യക്തമാക്കണം. ആശിക്കും ഭൂമി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെപ്പറ്റി കെ.പി.സി.സി നിയോഗിച്ച കമ്മിറ്റി അന്വേഷിച്ചപ്പോള്‍ മുന്‍ സര്‍ക്കാറിന് തെറ്റ് പറ്റിയില്ളെന്ന് കണ്ടത്തെി. ഈ സാഹചര്യത്തിലാണ് പരാതിയുണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മന്ത്രി എ.കെ. ബാലന് കത്ത് നല്‍കിയത്. ഇതിനെയാണ് ബാലന്‍ തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 

Tags:    
News Summary - oommen chandy support pk jayalakshmi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.