ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റും

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബുധനാഴ്ച ബംഗളൂരുവിലേക്ക് മാറ്റും.അണുബാധ നിയന്ത്രണവിധേയമായതിനാൽ കാന്‍സറിന്റെ തുടര്‍ചികിത്സക്കായാണ് ബംഗളൂരുവിലേക്ക് മാറ്റുന്നത്. ബുധനാഴ്ച വൈകിട്ടോടെ എയര്‍ലിഫ്റ്റ് ചെയ്യാനാണ് സാധ്യത. പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത ചർച്ചയിലാണ് തീരുമാനം.

അണുബാധയില്‍ കുറവുണ്ടെന്നും മരുന്നുകള്‍ നല്‍കിത്തുടങ്ങിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും.

മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രി വീണ ജോര്‍ജ്, ഉമ്മന്‍ ചാണ്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറേയും ബന്ധുക്കളേയും കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണായിരുന്നു മന്ത്രിയുടെ സന്ദർശനം. ഉമ്മൻ ചാണ്ടിയുടെ കുടുംബം സർക്കാർ സഹായങ്ങളോന്നും ആവശ്യപ്പെട്ടില്ലെന്ന് മന്ത്രി അറിയിച്ചു.

Tags:    
News Summary - Oommen Chandy will be shifted to Bengaluru on Wednesday for specialist treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.