തിരുവനന്തപുരം: ഗുണ്ടാ വിളയാട്ടം തടയുന്നതിന് സംസ്ഥാനത്ത് പൊലീസ് വകുപ്പിനു കീഴിൽ ഓപ്പറേഷൻ കാവൽ എന്ന പേരിൽ ആരംഭിച്ച പദ്ധതിയിലൂടെ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും സാമൂഹിക പ്രവർത്തകരെയും വേട്ടയാടുന്നതിന് ഇടതുസർക്കാർ ആസൂത്രിതമായ ശ്രമം നടത്തുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് പറഞ്ഞു. സംസ്ഥാനത്തെ ഗുണ്ടകളുടെ ലിസ്റ്റ് തയാറാക്കുന്നതിന്‍റെ മറവിൽ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകരെ ഇല്ലാതാക്കാനുള്ള സി.പി.എമ്മിന്‍റെ ഇടതു ഭീകരതയാണ് ഓപ്പറേഷൻ കാവൽ.
മാധ്യമപ്രവർത്തകർ, വനിതാ നേതാക്കൾ, വിദ്യാർത്ഥി നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയ വിവിധ മേഖലകളിൽ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെ തിരഞ്ഞുപിടിച്ച് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തുകയും വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയാണ് സംസ്ഥാന പൊലീസ്.
ആഭ്യന്തര വകുപ്പിന്‍റെ നിയന്ത്രണത്തിൽനിന്നും പൊലീസിന്‍റെ കടിഞ്ഞാൻ സംഘ്പരിവാറിലേക്ക് കൈമാറ്റം ചെയ്തു കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ആർ.എസ്.എസ് നടത്തുന്ന വംശീയ ഉന്മൂലന ശ്രമത്തിന് പൊലീസിലെ ഒരു വിഭാഗത്തിന്‍റെ വലിയ പിന്തുണയുണ്ട്.
ഓപ്പറേഷൻ കാവലിലൂടെ വംശീയ വിവേചനത്തോടെ പ്രവർത്തിക്കാൻ സർക്കാർ തന്നെ പൊലീസിന് അമിതാധികാരം നൽകുന്ന സ്ഥിതിവിശേഷമാണ്. ആലപ്പുഴയിൽ കഴിഞ്ഞദിവസം യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോയി ജയ്ശ്രീറാം വിളിക്കാൻ നിർബന്ധിച്ചത് മുതൽ പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലും സാമൂഹിക സംഘടനകളിലും പ്രവർത്തിക്കുന്നവരെ വേട്ടയാടുന്ന സമീപനം വരെ പൊലീസിന്‍റെ ഭാഗത്തുനിന്ന് വർധിച്ചുവരികയാണ്. പിണറായി സർക്കാറിനെതിരെ ശബ്ദിക്കുന്നവരെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി നിശ്ശബ്ദരാക്കാമെന്ന വ്യാജമായ ശ്രമമാണ് ഇതിനു പിന്നിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.