തിരുവനന്തപുരം: കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സി ചുമതല ഏൽപിച്ച കെ.പി.എം.ജി കമ്പനിയെ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ ഈ കമ്പനിയുടെ വിശ്വാസ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സര്‍ക്കാറിന് കത്ത് നല്‍കി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള നല്ല ട്രാക്ക് റെക്കോര്‍ഡും സുതാര്യമായ പ്രവര്‍ത്തന ശൈലിയും മനുഷ്യവിഭവ ശേഷിയുമുള്ള ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും സേവനം കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ ഇപ്പോള്‍ ഇതിനായി മന്ത്രിസഭ തെരഞ്ഞെടുത്തിരിക്കുന്ന കെ.പിഎം.ജി എന്ന സ്ഥാപനം നടത്തിയിട്ടുള്ള ക്രമക്കേടുകള്‍ ഗുരുതരമായ പല ആരോപണങ്ങളും നിരവധി പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ഇക്കണോമിസ്റ്റ് മാസികയിലെ റിപ്പോര്‍ട്ടില്‍ പ്രസ്തുത കമ്പനി അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ അന്വേഷണം നേരിടുന്നതായി ആരോപിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ഒരു പൊതുമേഖലാ കോണ്‍ട്രാക്ടറുടെ അക്കൗണ്ടുകള്‍ക്ക് ഓഡിറ്റിംഗ് അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ടും, ടെഡ് ബേക്കര്‍ എന്ന വസ്ത്ര-റീട്ടെയില്‍ സ്ഥാപനത്തില്‍ നടന്ന ഓഡിറ്റ് ക്രമക്കേടുകളെത്തുടര്‍ന്നും നിരവധി ഗുരുതര വിമര്‍ശനങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന് ഈ കമ്പനി ബ്രിട്ടനില്‍ നടപടി നേരിടുന്നതായി വാര്‍ത്തകളുണ്ട്. സൗത്ത് ആഫ്രിക്കയിലുളള ഗുപ്ത കുടുംബത്തിന്‍റെ കമ്പനികളുടെ ഓഡിറ്റിംഗ് ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നതിന്റെ പേരിലും ഈ കമ്പനി ആരോപണം നേരിടുന്നുവെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കെ.പി.എം.ജിയുടെ അമേരിക്കന്‍ സ്ഥാപനമായ കെ.പി.എം.ജി എൽ.എൽ.പി നികുതിവെട്ടിപ്പിന് കൂട്ടുനിന്നതിന്‍റെ പേരില്‍ ക്രിമിനല്‍ നടപടി നേരിട്ടതായും തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കി കേസില്‍ നിന്നും ഒഴിവായതായും റിപ്പോര്‍ട്ടുകളുണ്ട്. യു.എ.ഇയിലെ അബ്രാജ് എന്ന സ്വകാര്യ ഇക്വറ്റി സ്ഥാപനത്തിന്‍റെ ലിക്വിഡേഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ഈ സ്ഥാപനം അന്വേഷണം നേരിടുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ കമ്പനി നേരിടുന്ന സ്ഥിതിക്ക് അതിന്‍റെയൊക്കെ നിജസ്ഥിതി പരിശോധിക്കാതെ, പതിനായിരക്കണക്കിന് കോടി രൂപ വിനിയോഗിച്ച് സൂക്ഷ്മതയോടെയും, സുതാര്യമായും നിര്‍വ്വഹിക്കേണ്ട കേരളത്തിന്റെ പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഈ കണ്‍സള്‍ട്ടന്‍സിയെ ഏൽപിക്കണമെന്നുള്ളത് പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Opposition Leader Doubts KPAMG's Beliefs-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.