മൂവാറ്റുപുഴ: വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ബി. മുഹമ്മദ് ജമാലിനെതിരെ അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവായി. ഗവ. അഡീഷനൽ സെക്രട്ടറിയുടെയും വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെയും പോസ്റ്റ് ഒരേ പദവിയിലുള്ളതാണെന്ന് കാണിച്ച് കൈപ്പറ്റിയ അധിക വരുമാനം സർക്കാർ ആവശ്യപ്പെട്ടിട്ടും തിരിച്ചടച്ചില്ലെന്ന് കാണിച്ച് വാഴക്കാല തൈക്കൂടത്ത് വീട്ടിൽ ടി.എം. സലാം നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി.പി. സെയ്തലവിയുടെ ഉത്തരവ്.
എറണാകുളം വിജിലൻസ് സെൻട്രൽ റേഞ്ചിനോട് അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. കേസ് 2023 ജനുവരി ഏഴിന് വീണ്ടും പരിഗണിക്കും.
2005 ജൂലൈ 27നാണ് മുഹമ്മദ് ജമാലിനോട് അധികമായി കൈപ്പറ്റിയ തുക തിരിച്ചടക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, കോടതിയിൽ ഹരജി നൽകുന്നതുവരെ തിരിച്ച് അടച്ചിട്ടില്ലെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. പ്രതിയുടെ പ്രവൃത്തി അഴിമതി നിരോധന വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് കാണിച്ചായിരുന്നു ഹരജി. ഹരജിക്കാരനുവേണ്ടി അഡ്വ. എൻ.പി. തങ്കച്ചൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.