കൊച്ചി: ട്വൻറി 20 ഭരിക്കുന്ന മൂന്ന് പഞ്ചായത്തിലെ ഭരണസമിതി യോഗങ്ങൾക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണത്തിന് ഹൈകോടതി ഉത്തരവ്. പഞ്ചായത്തിെൻറ നയതീരുമാനങ്ങളെ എതിർത്ത് ക്രമസമാധാന പ്രശ്നമുണ്ടാകാത്ത വിധം പ്രതിപക്ഷത്തിന് സമരം ചെയ്യാനും കോടതി അനുമതി നൽകി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡൻറ് ദീന ദീപക്, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് നിത മോൾ, മഴുവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ബിൻസി ബൈജു എന്നിവർ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെൻറ നിർദേശം.
പ്രതിപക്ഷാംഗങ്ങളുടെ ഭീഷണി നിമിത്തം ട്വൻറി20 ഭരിക്കുന്ന മൂന്ന് പഞ്ചായത്തിലെയും ഭരണസമിതി യോഗങ്ങളും സ്ഥിരം സമിതി യോഗങ്ങളും പ്ലാനിങ് കമ്മിറ്റി യോഗങ്ങളും വർക്ക് ഗ്രൂപ്, ഗ്രാമസഭ യോഗങ്ങളും ചേരാൻ കഴിയുന്നില്ലെന്നും പൊലീസ് സംരക്ഷണം വേണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
അേതസമയം, ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷമാണെന്നിരിക്കെ കാലയളവ് മുഴുവൻ പൊലീസ് സംരക്ഷണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നായിരുന്നു എതിർകക്ഷികളുടെ വാദം.
സമാധാനപരമായ പ്രതിഷേധം പ്രതിപക്ഷം നടത്തുന്നുണ്ടെങ്കിലും നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാവുന്നില്ലെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് യോഗങ്ങളിൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ആശങ്കയുണ്ടെങ്കിൽ പഞ്ചായത്ത് അധികൃതർക്ക് അക്കാര്യം വ്യക്തമാക്കി പൊലീസിനെ സമീപിക്കാമെന്നും പരാതി ലഭിക്കുന്നപക്ഷം പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.